‘രാഷ്ട്രീയ നേതൃത്വത്തിന് സ്ഥാനമില്ലാതായാല്‍ ഇങ്ങനെ പലതും സംഭവിക്കാം’; മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ വീണ്ടും കാനം

Jaihind News Bureau
Sunday, July 12, 2020

Kanam Rajendran Pinarayi Vijayan

മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ വീണ്ടും  വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഉദ്യോഗസ്ഥവൃന്ദത്തെ നിയന്ത്രിക്കാന്‍ കഴിയാത്തത് രാഷ്ട്രീയ നേതൃത്വത്തിന് ഇച്ഛാശക്തിയില്ലാത്തതുകൊണ്ടാണെന്ന്  പ്രമുഖ ദിനപത്രത്തിലെഴുതിയ ലേഖനത്തില്‍ അദ്ദേഹം പറയുന്നു. ഭരണനിർവഹണത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്ന ഇടമാണ് മുഖ്യമന്ത്രിയുടെ ഓഫീസ്. അത് സംബന്ധിച്ച് ജനങ്ങള്‍ക്ക് സംശയമുണ്ടാകാന്‍ പാടില്ലെന്ന പൊതുനിലപാടാണുള്ളതെന്നും അദ്ദേഹം ആവർത്തിച്ചു. ആഭ്യന്തരവകുപ്പിന്‍റെ പല കാര്യങ്ങളെയും കുറിച്ച് അഭിപ്രായവ്യത്യാസമുണ്ടാകാമെന്നും കാനം കുറിച്ചു.

കണ്‍സള്‍ട്ടന്‍സി വിവാദത്തിലും കാനം രംഗത്തെത്തി. ലോകബാങ്കിന്‍റേയും മറ്റ് ധനകാര്യ സ്ഥാപനങ്ങളുടേയും ലോണ്‍ ആർക്ക് ലഭിക്കണമെങ്കിലും കണ്‍സള്‍ട്ടന്‍സി ആവശ്യമായി മാറി. ഈ വായ്പകള്‍ ഒന്നും എടുക്കേണ്ടതില്ല എന്ന പഴയകാല ഇടതുപക്ഷ നിലപാടില്‍ ഉറച്ചുനിന്നാല്‍ കണ്‍സള്‍ട്ടന്‍സി വിവാദം ഉണ്ടാകില്ല.   ഇടതുപക്ഷം ജാഗ്രത പുലർത്തിയില്ലെങ്കില്‍ ഇതുപോലുള്ള പലകാര്യങ്ങളിലും ചെന്നുപെടുമെന്നും അദ്ദേഹം പറഞ്ഞു.

സ്വർണ്ണകള്ളക്കടത്ത് കേസില്‍ സർക്കാരിനെ വിമർശിച്ച് കാനം നേരത്തെയും രംഗത്തെത്തിയിരുന്നു.  സര്‍ക്കാരിന്‍റെ ഗ്രാഫ് താഴ്ന്നുവെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് സംശയത്തിന് അതീതമാകണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പല നിയമനങ്ങളെക്കുറിച്ചും ആക്ഷേപങ്ങൾ ഉയരുന്നുണ്ട്. നിയമനങ്ങള്‍ സുതാര്യമാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സർക്കാരിനെയും സിപിഎമ്മിനെയും വിമർശിച്ച് സിപിഐ അസിസ്റ്റന്‍റ് സെക്രട്ടറി സത്യന്‍ മൊകേരിയും രംഗത്തെത്തി. എല്ലാ സര്‍ക്കാര്‍ നിയമനങ്ങളും സുതാര്യമാകണമെന്ന് പാർട്ടി മുഖപത്രമായ ജനയുഗത്തില്‍ എഴുതിയ ലേഖനത്തില്‍ അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍തലത്തില്‍ നടക്കുന്ന നിയമനങ്ങള്‍ എല്ലാം സുതാര്യമായിരിക്കണം. നിയമനങ്ങള്‍ കണ്‍സള്‍ട്ടിങ് കമ്പനികളെ ഏല്‍പ്പിക്കുന്നത് ശരിയായ നടപടിയായി കാണാന്‍ കഴിയില്ല. കണ്‍സള്‍ട്ടിങ് ഏജന്‍സികള്‍ വഴി അനധികൃതമായി പലരും കടന്നുവരുന്നു. ഡാറ്റാ സുരക്ഷയുമായി ബന്ധപ്പെട്ട ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായ തീരുമാനമാണ് സ്പ്രിംഗ്‌ളര്‍ വിഷയത്തില്‍ ഉണ്ടായത്. ഇടതുപക്ഷ മുന്നണിക്കോ ഗവണ്‍മെന്‍റിനോ, വീഴ്ചകള്‍ വരുന്നുണ്ടോ എന്ന് സ്വയം വിമര്‍ശനപരമായി പരിശോധിക്കണമെന്നും സത്യൻ മൊകേരി ലേഖനത്തില്‍ കുറിച്ചു.