വനിതാമതില്‍: വി.എസിനെതിരെ കാനം രാജേന്ദ്രന്‍

Jaihind Webdesk
Sunday, December 30, 2018

സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ് വിഎസ് അച്യുതാനന്ദനെതിരെ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സിപിഎം നയിക്കുന്ന മുന്നണിയാണ് വനിതാമതില്‍സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. വനിതാ മതിലിനെതിരായ വിഎസിന്റെ വിമര്‍ശനം ശരിയല്ല. വിഎസ് ഇപ്പോഴും സിപിഎമ്മുകാരനാണെന്നാണ് വിശ്വാസം. വിഎസ് എടുത്ത നിലപാട് ശരിയാണോ എന്ന് അദ്ദേഹത്തോട്് തന്നെ ചോദിക്കണമെന്നും കാനം പറഞ്ഞു.

ജാതി സംഘടനകളെ കൂടെ നിര്‍ത്തിയുള്ള വര്‍ഗസമരം കമ്മ്യൂണിസ്റ്റ് വിപ്ലവ പദ്ധതിയല്ലെന്നായിരുന്നു വിഎസിന്റെ വിമര്‍ശനം.സവര്‍ണ മേധാവിത്വത്തിന്റെ കാവിക്കൊടി ഉയര്‍ത്താനായി ജാതി സംഘടനകളെ പ്രോത്സാഹിപ്പിക്കുകയും കൂടെ നിര്‍ത്തുകയും ചെയ്യുന്ന ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ പദ്ധതി പാര്‍ട്ടിക്കു ചെയ്യാനാവില്ല. ഹിന്ദുത്വവാദികളുടെ ആചാരങ്ങളും ആഘോഷങ്ങളും അതേപടി പകര്‍ത്തുന്നതല്ല വര്‍ഗസമരത്തിന്റെ രീതിശാസ്ത്രമെന്നും അച്യുതാനന്ദന്‍ അഭിപ്രായപ്പെട്ടിരുന്നു.

നവോത്ഥാനം വേണോ, വിമോചനം വേണോ എന്ന കാര്യം എന്‍എസ്എസ് തന്നെ തീരുമാനിക്കട്ടെ. വനിതാമതിലിന് ശബരിമലയുമായി യാതൊരു ബന്ധവുമില്ലെന്നും കാനം പറഞ്ഞു. കഴിഞ്ഞ ദിവസം എന്‍എന്‍എസ് കാനത്തിനെതിരെ രംഗത്തുവന്നിരുന്നു.

സുകുമാരന്‍ നായര്‍ക്ക് സമദൂരത്തില്‍ നിന്ന് മാറാന്‍ അവകാശമില്ലെന്ന എന്നുമറ്റുമുള്ള രൂക്ഷ പ്രതികരണവുമായി ഭരണപക്ഷത്തെ രണ്ട് പ്രബലകക്ഷികളുടെ നേതാക്കളും ഇപ്പോള്‍ ചേക്കേറിയ നേതാക്കളും രംഗത്തെത്തിയിരിക്കുകയാണ്. അവര്‍ നായന്‍മാര്‍ കൂടിയാകുമ്പോള്‍ എന്‍എസ്എസിനോട് എന്തും ആകാമല്ലോ.ഈ പരിപ്പൊന്നും എന്‍എസ്എസില്‍ വേവുകയില്ലെന്ന കാര്യം ഇവര്‍ മനസ്സിലാക്കണം. കാരണം എന്‍എസ്എസിന്റെ സംഘടനാസംവിധാനവും അടിത്തറയും ശക്തമാണ്. പുറത്തുനിന്ന് എതിര്‍ക്കുന്നവരെ അതേ നാണയത്തില്‍ നേരിടാനും അകത്തുനിന്നുകൊണ്ട് തന്നെ വിള്ളലുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്താനും ഉള്ള ശക്തി സംഘടനയ്ക്കുണ്ടെന്നായിരുന്നു എന്‍എസ്എസിന്റെ മറുപടി