‘കനലുകള്‍ അണയാതെ’: സേതുവെന്ന കഥാപാത്രത്തിലൂടെ 60 വര്‍ഷത്തെ കേരളചരിത്രത്തിന്റെ തീക്കനല്‍ക്കഥയുമായി ഡോ. കെ.ഗീതാകുമാര്‍; നോവല്‍ എം.കെ. മുനീര്‍ പ്രകാശനം ചെയ്തു

Jaihind Webdesk
Friday, July 5, 2019

തിരുവനന്തപുരം: ഡോ. കെ. ഗീതാകുമാര്‍ എഴുതിയ ‘കനലുകള്‍ അണയാതെ’ എന്ന നോവല്‍ തിരുവനന്തപുരത്ത് പ്രകാശനം ചെയ്തു. അറുപതു വര്‍ഷത്തെ കേരള ചരിത്രത്തെ വര്‍ത്തമാനകാലത്തോട് ബന്ധിപ്പിച്ചുകൊണ്ട് സേതുവെന്ന കഥാപാത്രത്തിലൂടെ ആവിഷ്‌കരിക്കുന്ന നോവലാണ് കനലുകള്‍ അണയാതെ.
വൈകീട്ട് നാലിന് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ഡോ. എം.കെ മുനീര്‍ പ്രകാശനം നിര്‍വ്വഹിച്ചു. ചവറ എംഎല്‍എ വിജയന്‍ പിള്ള പുസ്തകം ഏറ്റുവാങ്ങി. ചടങ്ങില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ എം.ജി രാധാകൃഷ്ണന്‍ അധ്യക്ഷനായിരുന്നു. എസ്. കെ ഹോസ്പിറ്റലിലെ ഡോക്ടറാണ് ഗ്രന്ഥകര്‍ത്താവായ കെ. ഗീതാകുമാര്‍.
”ഷഷ്ഠിപൂര്‍ത്തി പിന്നിടുന്ന കേരളം ആറുപതിറ്റാണ്ട് കാലത്ത് നടത്തിയ, ഗ്രാമത്തില്‍ നിന്നും നഗരത്തിലേയ്ക്കുള്ള ചുവടുവെയ്പിനിടയില്‍ മാറിമറിഞ്ഞ വ്യക്തിയുടെയും നാടിന്റെയും ജീവിതത്തിന്റെ ഒരു ചീന്താണ് കന്നിക്കാരനായ ഗീതാകുമാറിന്റെ കനലുകള്‍ അണയാതെ” എന്നാണ് പുസ്തകത്തിന്റെ അവതാരികയില്‍ എം.ജി. രാധാകൃഷ്ണന്‍ എഴുതിയിരിക്കുന്നത്.
കേരള സംസ്ഥാന രൂപീകരണത്തിന് മുമ്പും അതിനുശേഷം ഈ നിമിഷം വരെയുമുള്ള സാമൂഹ്യ രാഷ്ട്രീയ സാമുദായിക സാമ്പത്തിക മാറ്റങ്ങളില്‍ കൂടിയാണ് ഈ നോവല്‍ സഞ്ചരിക്കുന്നതെന്ന് ഡോ. കെ. ഗീതാകുമാര്‍ ടിവി സംസ്‌കാരയോട് പറഞ്ഞു: ‘സ്വന്തം ഗ്രാമത്തില്‍ കൂടിയാണ് കേരളത്തിന്റെ മാറ്റങ്ങളെ ആവിഷ്‌കരിക്കുന്നത്. സേതുവെന്ന കഥാപാത്രത്തിലൂടെയാണ് നോവലിന്റെ യാത്ര. ഫ്യൂഡലിസം, അടിമത്തം, ഭൂപരിഷ്‌കരണ നിയമം, പട്ടിണി, ഇവയെല്ലാം നോവലില്‍ പ്രമേയമാവുന്നുണ്ട്.’ പുസ്തകത്തിന്റെ പ്രസാധകര്‍ ഒലിവ് പബ്ലിക്കേഷന്‍സാണ്.
മാവേലിക്കരയിലെ ചെട്ടിക്കുളങ്ങര ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന തനിക്ക്
കുട്ടിക്കാലം മുതല്‍ സാഹിത്യത്തോട് താല്പര്യമുണ്ടായിരുന്നുവെന്ന് ഗീതാകുമാര്‍ പറഞ്ഞു. ചെട്ടികുളങ്ങരയിലും മാവേലിക്കരയിലുമായാണ് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നിന്ന് എംബിബിഎസ് വിജയിച്ച ശേഷം ഇന്ത്യയിലും ഒമാനിലുമായി ദീര്‍ഘകാലം സേവനം ചെയ്തു.
ഒമാനിലെ ഇബ്രിയില്‍ ജോലി ചെയ്തിരുന്ന വേളയില്‍ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബ് രൂപീകരിച്ചു. ഇബ്രിയിലെ ജീവിതകാലത്ത് ധാരാളം സാമൂഹ്യപ്രവര്‍ത്തനം നടത്തി. മൂന്നു ഇംഗ്ലീഷ് കവിതകള്‍ ടൈംസ് ഓഫ് ഒമാന്‍ പത്രത്തിന്റെ തേഴ്സ് ഡേ വീക്ക്ലിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു ചെറുകഥ സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ആഴ്ച്ചവട്ടം എന്ന വാരികയിലും പ്രസിദ്ധീകരിച്ചു.
മൂന്നുവര്‍ഷം മുമ്പ് കേരളത്തില്‍ തിരിച്ചെത്തിയ ഗീതാകുമാര്‍ അതിനുശേഷമാണ് എസ്.കെ ഹോസ്പിറ്റലില്‍ ഡോക്ടറായി സേവനം തുടങ്ങിയത്. അധ്യാപികയായ രാജം ആണ് ഭാര്യ. മക്കളായ ശാലിനിയും ശരത്തും കുടുംബസമേതം അമേരിക്കയില്‍ താമസിക്കുന്നു.