മധ്യപ്രദേശില്‍ കമല്‍നാഥ് അധികാരമേറ്റു

Jaihind Webdesk
Monday, December 17, 2018

 

ഭോപ്പാല്‍: മധ്യപ്രദേശിന്റെ 18-ാമത് മുഖ്യമന്ത്രിയായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഭോപ്പാലിലെ ജംബോരീ മൈതാനത്ത് വന്‍ ജനക്കൂട്ടത്തെ സാക്ഷിയാക്കി നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മറ്റു പ്രതിപക്ഷനേതാക്കളും ചടങ്ങില്‍ പങ്കെടുത്തു. പതിനഞ്ച് വര്‍ഷത്തെ ബിജെപി ഭരണത്തിന് അന്ത്യം കുറിച്ചാണ് കോണ്‍ഗ്രസ് ഇത്തവണ മധ്യപ്രദേശില്‍ അധികാരത്തില്‍ തിരിച്ചെത്തുന്നത്.

രാവിലെ 11 മണിയോടെ രാജസ്ഥാനില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങിന് ശേഷമാണ് രാഹുലടക്കമുള്ള നേതാക്കള്‍ മധ്യപ്രദേശിലേക്ക് എത്തിയത്. വൈകീട്ട് നാലരയോടെ നേതാക്കള്‍ ഛത്തീസ്ഗഢിലേക്കെത്തും. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, മുന്‍ മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാന്‍, എന്‍സിപി നേതാവ് ശരത് പവാര്‍, ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള, ഡിഎംകെ നേതാവ് എം.കെ.സ്റ്റാലിന്‍,എല്‍ജെഡി നേതാവ് ശരത് യാദവ് മറ്റു പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും ചടങ്ങില്‍ സംബന്ധിച്ചു.

മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂടിയായ കമല്‍നാഥ് നിലവില്‍ ചിദ്വാര എംപിയാണ്.
230 അംഗ നിയമസഭയില്‍ 114 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസിന് രണ്ട് അംഗങ്ങളുള്ള ബിഎസ്പിയുടെയും ഒരംഗമുള്ള എസ്പിയുടേയും സ്വന്തന്ത്രരുടേയും പിന്തുണയുണ്ട്. 109 സീറ്റുകളാണ് ബിജെപിക്ക് ഇവിടെ ലഭിച്ചത്.