കല്ലുവാതുക്കല്‍ കേസില്‍ കബളിപ്പിക്കപ്പെട്ടെന്നറിഞ്ഞ ഞെട്ടലില്‍ പ്രതി ; ഗ്രീഷ്മയ്ക്ക് വൈരാഗ്യമെന്നും രേഷ്മ

Jaihind Webdesk
Friday, July 9, 2021

 

കൊല്ലം: കല്ലുവാതുക്കലില്‍ നവജാത ശിശുവിനെ കരിയില കൂനയില്‍ ഉപേക്ഷിച്ചു കൊന്ന കേസിലെ പ്രതി രേഷ്‌മയെ ജയിലിലെത്തി പൊലീസ് ചോദ്യം ചെയ്‌തു. ഫേസ്ബുക്ക് കാമുകന്‍ ചമഞ്ഞ് ബന്ധുക്കളായ ആര്യയും ഗ്രീഷ്‌മയും കബളിപ്പിക്കുകയായിരുന്നു എന്നറിഞ്ഞ രേഷ്‌മക്ക് വിശ്വസിക്കാനായില്ല.

ഗ്രീഷ്‌മയുടെ ആണ്‍സുഹൃത്തിനെപ്പറ്റി ഭര്‍ത്താവ് വിഷ്‌ണുവിനോടും മറ്റ് ബന്ധുക്കളോടും പറഞ്ഞിരുന്നു. അതിലുള്ള വൈരാഗ്യമാകാം തന്നെ കബളിപ്പിക്കാന്‍ കാരണമെന്നാണ് രേഷ്‌മ പൊലീസിന് മൊഴി നൽകിയത്. ഫേസ്ബുക്ക് കാമുകന്‍ വ്യാജമാണെന്ന പൊലീസ് വാദം ആദ്യം സമ്മതിക്കാന്‍ രേഷ്‌മ കൂട്ടാക്കിയിരുന്നില്ല. അനന്തു എന്ന പേരിലുള്ള സുഹൃത്തിനെ കാണാൻ‍ വർക്കലയിൽ പോയെങ്കിലും കാണാനായില്ലെന്നും രേഷ്മ പൊലീസിന് മൊഴി നൽകി.

ജനുവരി 5നാണ് കല്ലുവാതുക്കൽ ഊഴായ്ക്കോട് ക്ഷേത്രത്തിനു സമീപം റബർ തോട്ടത്തിലെ കുഴിയിൽ പൊക്കിൾക്കൊടി പോലും മുറിക്കാത്ത നിലയിൽ ആൺകുഞ്ഞിനെ കണ്ടെത്തിയത്. പിന്നാലെ നടന്ന അന്വേഷണത്തിൽ രേഷ്മ അറസ്റ്റിലായി. അനന്തു എന്ന ഫെയ്സുബുക് സുഹൃത്തിനൊപ്പം ജീവിക്കുന്നതിനു വേണ്ടിയാണ് കുഞ്ഞിനെ പ്രസവിച്ചയുടൻ ഉപേക്ഷിച്ചതെന്ന് രേഷ്മ മൊഴി നൽകി. അനന്തു എന്ന പേരിൽ രേഷ്മയുടെ ബന്ധുക്കളായ ആര്യയും ഗ്രീഷ്മ എന്നിവരാണ് ഫെയ്സ്ബുക്കിലൂടെ ചാറ്റു ചെയ്തിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇരുവരെയും പിന്നീട് ഇത്തിക്കരയാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി