യാത്രക്കാരെ മര്‍ദിച്ച സംഭവം: സുരേഷ് കല്ലടയിലെ അഞ്ച് ജീവനക്കാർ കൂടി അറസ്റ്റില്‍

യാത്രക്കാരെ മർദിച്ച് ബസിൽ നിന്ന് ഇറക്കിവിട്ട കേസിൽ സുരേഷ് കല്ലട കമ്പനിയിലെ 5 ജീവനക്കാരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. അതേസമയം അക്രമത്തിന്‍റെ പശ്ചാത്തലത്തിൽ സ്വകാര്യ ബസുകൾക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്താൻ ഗതാഗത കമ്മീഷണർ നിർദേശം നൽകി.

അന്തർസംസ്ഥാന ബസിലെ ഗുണ്ടായിസത്തിന്‍റെ പേരിൽ സുരേഷ് കല്ലട കമ്പനിയുടെ ഏഴു ജീവനക്കാരാണ് ഇതുവരെ അറസ്റ്റിലായത്. ഇവർക്കെതിരെ വധശ്രമം അടക്കമുള്ള കുറ്റങ്ങളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്.ആലപ്പുഴ മണ്ണഞ്ചേരിയിൽ വിഷ്ണു, കരുനാഗപ്പള്ളി സ്വദേശി രാജേഷ്, കൊല്ലം മൺട്രോതുരുത്ത് സ്വദേശി ഗിരിലാൽ, കോയമ്പത്തൂർ സ്വദേശി കുമാര്‍, കാരയ്ക്കൽ അൻവർ എന്നിവരുടെ അറസ്റ്റാണ് ഇന്ന് രേഖപ്പെടുത്തിയത്. തൃശൂർ കൊടകരയിൽ നിന്നുള്ള ജിതിൻ, ആറ്റിങ്ങൽ സ്വദേശി ജയേഷ് എന്നിവര്‍ ഇന്നലെ അറസ്റ്റിലായിരുന്നു. കഴിഞ്ഞ രാത്രി ബസിലെ ഡ‍്യൂട്ടിക്കിടെയാണ് 5 ജീവനക്കാരെയും അറസ്റ്റ് ചെയ്തത്. അക്രമത്തില്‍ ഖേദം പ്രകടിപ്പിച്ചും യാത്രക്കാരെ മർദിച്ചവരെ സസ്പെൻഡ് ചെയ്തെന്ന് അറിയിച്ചും സുരേഷ് കല്ലട കമ്പനി ഇന്നലെ പുറത്തിറക്കിയ വിശദീകരണത്തിലെ പൊള്ളത്തരവും ഇതോടെ പുറത്തായി.

അതേ സമയം യാത്രക്കാർക്ക് നേരെ സുരേഷ് കല്ലട ബസ്‌ ജീവനക്കാർ നടത്തിയ അക്രമത്തിന്‍റെ പശ്ചാത്തലത്തിൽ സ്വകാര്യ ബസുകൾക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഗതാഗത കമ്മീഷണർ ഉത്തരവിട്ടു. 24 മണിക്കൂർ പ്രവർത്തിക്കുന്ന പ്രത്യേക സ്ക്വാഡുകൾ രൂപീകരിക്കാൻ RTO ഓഫീസുകൾക്ക് നിർദേശം നൽകി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ തലവനായി 3 അംഗ സ്ക്വാഡ് മിന്നൽ പരിശോധന നടത്തി ക്രമക്കേടുകൾ കണ്ടെത്തുക, യാത്രക്കാരുടെ ലഗേജിനൊപ്പം മറ്റെന്തെങ്കിലും ബസുകളിൽ കൊണ്ടു പോകുന്നുണ്ടോയെന്ന് പരിശോധിക്കുക തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും സ്ക്വാഡുകൾക്ക് നൽകിയിരിക്കുന്ന നിർദേശം.

suresh kallada
Comments (0)
Add Comment