കളമശേരി കൊവിഡ് മരണം : ആശുപത്രി അധികൃതരുടെയും ഹാരിസിന്‍റെ ബന്ധുക്കളുടെയും മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും

Jaihind News Bureau
Wednesday, October 21, 2020

 

കൊച്ചി: ജീവനക്കാരുടെ അനാസ്ഥ കാരണം കളമശേരി മെഡിക്കല്‍ കോളേജില്‍ കൊവിഡ് രോഗി മരിച്ച സംഭവത്തില്‍ പൊലീസ് ഇന്ന് ആശുപത്രി അധികൃതരുടെയും  മരിച്ച ഹാരിസിന്‍റെ ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തും.  കൊവിഡ് വാർഡുകളിലെ ജീവനക്കാരുടെ അനാസ്ഥ മൂലം രോഗികൾ മരണപ്പെട്ടുവെന്നും വാർഡുകളിൽ രോഗികൾക്ക് മതിയായ പരിചരണം ലഭിക്കുന്നില്ലെന്നും കഴിഞ്ഞ ദിവസം പുറത്ത് വന്ന മെഡിക്കൽ കോളജിലെ നഴ്സിങ് ഓഫീസർ ജലജ ദേവിയുടെ ശബ്ദ സന്ദേശത്തിലൂടെയാണ് പുറംലോകം അറിഞ്ഞത്.

നഴ്സിങ് ഒഫീസറുടെ ശബ്ദ സന്ദേശം ശരിവെച്ച് ആശുത്രിയിലെ ഡോക്ടർ നജ്മയും രംഗത്തെത്തിയിരുന്നു. കൊവിഡ് വാർഡുകളിലെ ആരോഗ്യ പ്രവർത്തകരുടെ അശ്രദ്ധയും നിസംഗതയും പങ്കുവെച്ച ഡോക്ടര്‍ നജ്മയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും. അതേസമയം സംഭവത്തില്‍ ആരോഗ്യമന്ത്രി പ്രഖ്യാപിച്ച വകുപ്പുതല അന്വേഷണവും തുടരുകയാണ്. അന്വേഷണം നടത്തുന്ന ആരോഗ്യ ഉന്നത വിദ്യാഭ്യാസ ഡയറക്ടര്‍ ഇതുവരെയും പരാതിക്കാരായ ഹാരിസിന്‍റെ ബന്ധുക്കളെ ബന്ധപ്പെട്ടിട്ടില്ല.

അതിനിടെ ആശുപത്രിയിലെ ജീവനക്കാർക്കെതിരെ ഉയർന്ന ആരോപണങ്ങള്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പളും സൂപ്രണ്ടും നിഷേധിച്ചു.  കടുത്ത ന്യൂമോണിയയെ തുടര്‍ന്നുണ്ടായ ഹൃദയ സതഭനത്തെ തുടർന്നാണ് ഹാരിസ് മരിച്ചതെന്നാണ് അധികൃതരുടെ വാദം.  സംഭവത്തില്‍ മെഡിക്കല്‍ കോളേജ്‌ അധികൃതരെ പിന്തുണച്ച്‌ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സംഘടനയും രംഗത്തെത്തി. മെഡിക്കല്‍ കോളേജിനെ തകര്‍ക്കാന്‍ ഉള്ള ഗൂഢ ലക്ഷ്യമാണ് ആരോപണത്തിന് പിന്നിലെന്നാണ് സംഘടനയുടെ  വിമര്‍ശനം.

എന്നാൽ മനുഷ്യ ജീവൻ കൊണ്ട് പന്താടിയ ജീവനക്കാരെ സംരക്ഷിക്കുന്ന അധികൃതരുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധത്തിലാണ് പൊതുജനം. കുറ്റക്കാരായ മുഴുവൻ ആശുപത്രി ജീവനക്കാർക്കെതിരെയും നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് യൂത്ത് കോൺഗ്രസ് അടക്കമുള്ള യുവജന സംഘടനകളുടെ തീരുമാനം. ആശുപത്രിയിലെ രോഗികൾ നേരിടുന്ന ദയനീയവസ്ഥ തുറന്ന് കാട്ടിയ നഴ്സിങ് ഓഫീസറെ ബലിയാടാക്കി മറ്റുള്ളവരെ രക്ഷിക്കാനുള്ള ശ്രമമാണ് ആരോഗ്യ വകുപ്പ് നടത്തുന്നതെന്ന ആരോപണവും ഉയരുന്നുണ്ട്.