കരോളിനിടെ വാഹനം തടഞ്ഞ് പണപ്പിരിവ്; ചോദ്യം ചെയ്ത പോലീസിന് നേരെ ആക്രമണം


കോഴിക്കോട് കാക്കൂര്‍ പോലീസ് സ്റ്റേഷനിലെ എസ്ഐക്കും പൊലീസുകാര്‍ക്കും നേരെ ആക്രമണം. ഇന്നലെ രാത്രി പത്തരയോടെ ചേളന്നൂരില്‍ വെച്ചായിരുന്നു ആക്രമണം. സംഭവത്തില്‍ നാലുപേര്‍ പിടിയിലായി. സുബിന്‍, ബിജീഷ്, അതുല്‍, അജേഷ് എന്നിവരാണ് അറസ്റ്റിലായത്. പിടിയിലായവരെല്ലാം ചേളന്നൂര്‍ സ്വദേശികളാണ്. പോലീസുകാരെ ആക്രമിക്കുക, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുക തുടങ്ങിയ വകുപ്പുകള്‍ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. ചേളന്നൂരില്‍ കുട്ടികള്‍ കരോള്‍ നടത്തിയിരുന്നു. അതിനിടെ ഒരു സംഘം യുവാക്കള്‍ വാഹനങ്ങള്‍ തടഞ്ഞ് പണപ്പിരിവ് നടത്തുന്നതായി പൊലീസിന് വിവരം ലഭിച്ചു. തുടര്‍ന്നാണ് എസ്ഐ അബ്ദുള്‍ സലാമിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തുന്നത്. വാഹനം തടഞ്ഞവരെ കസ്റ്റഡിയിലെടുക്കുമ്പോഴായിരുന്നു പോലീസിന് നേര്‍ക്ക് ആക്രമണം ഉണ്ടായത്. എസ്ഐ അബ്ദുള്‍ സലാം, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ രജീഷ്, ഡ്രൈവര്‍ ജിജു എന്നിവര്‍ക്കാണ് പരിക്കേറ്റത്. അക്രമത്തില്‍ പൊലീസ് ജീപ്പിന് സാരമായി കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

 

Comments (0)
Add Comment