കാക്കനാട് പിടികൂടിയത് 1 കിലോ 86 ഗ്രാം ലഹരിമരുന്ന്; എഫ്ഐആറില്‍ 86 ഗ്രാം മാത്രം; അട്ടിമറിയെന്ന് ആരോപണം

Jaihind Webdesk
Tuesday, August 24, 2021

കൊച്ചി : കാക്കനാട് നിന്ന് ലഹരിമരുന്ന് പിടികൂടിയ കേസില്‍ അട്ടിമറി. ഒരു കിലോ 86 ഗ്രാം എംഡിഎംഎ എന്ന മാരക ലഹരിമരുന്ന് പിടിച്ചെടുത്തെങ്കിലും  പ്രതികളുടെ പേരിൽ രേഖപ്പെടുത്തിയത് 86 ഗ്രാം   മാത്രമാണ്. ബാക്കി ഒരു കിലോയിലധികം എംഡിഎംഎ ഉടമസ്ഥരില്ലാതെയാണ് കണ്ടെത്തിയതെന്നാണ് എക്സൈസിന്‍റെ മഹസർ റിപ്പോർട്ടിലും എഫ് ഐആറിലുമുള്ളത്. കേസിൽ പിടിയിലായ ഒരു യുവതിയെ ചോദ്യം ചെയ്യാതെ വിട്ടയതായും പരാതിയുണ്ട്.

കാക്കനാട്ടെ ഫ്ലാറ്റില്‍ നിന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവതിയടക്കം അഞ്ചുപേര്‍ പിടിയിലായത്. ഇവരില്‍ നിന്ന് 86 ഗ്രാം എംഡിഎംഎ കണ്ടെടുത്തിരുന്നു. പിന്നീട് പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഇവര്‍ താമസിച്ചിരുന്ന ഫ്ലാറ്റില്‍ നിന്നും ബാഗില്‍ നിന്ന് ഒരുകിലോയിലധികം എംഡിഎംഎ കൂടി പിടിച്ചു. എന്നാല്‍ ഏതോ ഒരു വഴിപോക്കന്‍ നല്‍കിയ വിവരമനുസരിച്ചാണ് പ്രതികള്‍ താമസിച്ചിരുന്ന ഫ്ലാറ്റില്‍ നിന്ന് ഒരു കിലോ എം‍‍ഡിഎംഎ അടങ്ങിയ ബാഗ് കണ്ടെത്തിയെന്ന് മഹസറില്‍ ചേര്‍ത്തു. പിടികൂടിയ മയക്കുമരുന്ന് ചെന്നൈയിൽ നിന്നാണ് എത്തിച്ചതെന്ന് പ്രതികൾ മൊഴി നൽകിയിരുന്നു. മൂന്ന് തവണ ഇതിനായി ചെന്നൈയിൽ പോയി വന്നിട്ടുണ്ടെന്ന വിവരവും ലഭിച്ചു. മുമ്പ് എത്തിച്ചവയെല്ലാം കൊച്ചിയിലും പരിസരങ്ങളിലും ഇടനിലക്കാർ വഴി വിറ്റഴിച്ചുവെന്ന വിവരവും പുറത്ത് വന്നിരുന്നു. എന്നാല്‍ ഉടമസ്ഥനില്ലാത്ത ബാഗാണ് കണ്ടെടുത്തെന്നും ഇത് പ്രതികളുടേതായിരിക്കാമെന്ന് ഉറപ്പില്ലെന്നാണ് സാക്ഷിമൊഴിയെന്നുമാണ് രേഖകളിലുള്ളത്.

പ്രതികള്‍ക്കെതിരെ 86 ഗ്രാം എംഡിഎംഎ കണ്ടെടുത്തതിന് മാത്രമാണ്  കേസ്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു യുവതിയെ തെളിവുണ്ടായിട്ടും ചോദ്യം പോലും ചെയ്യാതെ വിട്ടയച്ചതായും ആക്ഷേപമുണ്ട്. ഉടമസ്ഥനില്ലാത്ത ബാഗില്‍ നിന്നാണ് ഒരു കിലോ എംഡിഎംഎ കണ്ടെത്തിയതെന്നാണ് മഹസര്‍. ബാഗ് കണ്ടെത്തിയതില്‍ പ്രതികളില്ലെന്ന പേരില്‍ പ്രത്യേകം കേസ് രജിസ്റ്റര്‍ തയാറാക്കുകയും ചെയ്തു.  സംസ്ഥാന എക്സൈസ് എന്‍ഫോഴ്സ്മെന്‍റ സ്ക്വാഡും കസ്റ്റംസ് പ്രി‍വന്‍റീവും ചേര്‍ന്നാണ് കേസിലെ പ്രതികളെ പിടികൂടിയത്. ലഹരിമരുന്ന് പിടിച്ചതില്‍ കേസെടുക്കാന്‍ അധികാരമില്ലാത്തതിനാല്‍ കേസ് ജില്ലയിലെ എക്സൈസ് എന്‍റഫോഴ്സ്മെ‍ന്‍റ് ആന്‍ഡ് ആന്‍റി നര്‍ക്കോട്ടിക് വിഭാഗത്തെ ഏല്‍പ്പിക്കുകയായിരുന്നു. ഇവിടെയാണ് കേസ് അട്ടിമറിച്ചെന്ന ആക്ഷേപം ഉയരുന്നത്.