കാഫിർ സ്ക്രീന്‍ഷോട്ട്: അമ്പാടിമുക്ക് പേജിന്‍റെ അഡ്മിന്‍ പി. ജയരാജന്‍റെ വിശ്വസ്തന്‍

 

കണ്ണൂർ: കാഫിർ സ്ക്രീൻ ഷോട്ട് ആദ്യം ഷെയർ ചെയ്ത അമ്പാടി മുക്ക് സഖാക്കൾ എന്ന പേജിന്‍റെ അഡ്മിൻ മുതിർന്ന സിപിഎം നേതാവ് പി. ജയരാജനുമായി ബന്ധമുളള ഡിവൈഎഫ്ഐ നേതാവ്. ഡിവൈഎഫ്ഐ മയ്യിൽ ബ്ലോക്ക് കമ്മിറ്റി അംഗം മനീഷാണ് അമ്പാടി മുക്ക് സഖാക്കൾ എന്ന പേജിന്‍റെ അഡ്മിൻ. പി. ജയരാജൻ സിപിഎം ജില്ലാ സെക്രട്ടറി ആയിരുന്നപ്പോൾ പി. ജയരാജന്‍റെ ഫേസ്ബുക്ക് പേജ് ഉൾപ്പടെയുളള സോഷ്യൽ മീഡിയ കൈകാര്യം ചെയ്തിരുന്ന അഡ്മിൻമാരിൽ ഒരാളായിരുന്നു മനീഷ്. കാഫിർ സ്ക്രീൻ ഷോട്ട് വിവാദം ഉയർന്നതോടെ പേജ് ഡിലീറ്റ് ആക്കിയിരുന്നു. ഇതു സംബന്ധിച്ച പോലീസ് റിപ്പോർട്ടിൽ അമ്പാടി മുക്ക് സഖാക്കൾ എന്ന പേജിനെക്കുറിച്ചും അഡ്മിനെക്കുറിച്ചും പരാമർശിക്കുന്നുണ്ട്.

ജയരാജൻ ജില്ലാ സെക്രട്ടറിയായിരിക്കെ അഞ്ചുവർഷത്തോളം ജയരാജന്‍റെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്തയാളാണ് മനീഷ്. പോസ്റ്റ് ഷെയർ ചെയ്തത് മനീഷാണെന്ന് പോലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. 2024 ഏപ്രില്‍ 24-ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ശേഷം മനീഷിന് സ്ക്രീൻ ഷോട്ട് ലഭിക്കുകയും ഉടൻതന്നെ മനീഷ് അമ്പാടി മുക്ക് സഖാക്കൾ എന്ന ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്യുകയുമായിരുന്നു എന്നാണ് പോലീസിന്‍റെ കണ്ടെത്തൽ. ആരോപണം ഉയർന്ന സാഹചര്യത്തിൽ മനീ‌ഷ് ആരോപണം നിഷേധിച്ചിരുന്നു. പക്ഷെ പിന്നീട് ഇയാൾ പ്രതികരിക്കാൻ തയാറായില്ല.

സിപിഎം നേതൃത്വത്തിലുള്ള മയ്യിൽ സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരനാണ് മനീഷ്. കാഫിർ വിവാദത്തിൽ ആരോപണം നേരിടുന്ന രണ്ടാമത്തെ ഡിവൈഎഫ്ഐ നേതാവാണ് മനീഷ്. ഡിവൈഎഫ്ഐ വടകര ബ്ലോക്ക് പ്രസിഡന്‍റ് റിബേഷിനെതിരേയും ആരോപണം ഉയർന്നിരുന്നു. സ്ക്രീൻ ഷോട്ട് ആദ്യം ഷെയർ ചെയ്തത് റിബേഷ് ആണെന്നായിരുന്നു പോലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയത്. എന്നാല്‍ ഇയാളെ സംരക്ഷിച്ച് ഡിവൈഎഫ്ഐ രംഗത്തെത്തിയിരുന്നു.

Comments (0)
Add Comment