കടയ്ക്കാവൂര്‍ പോക്‌സോ കേസ്: പൊലീസും ഭര്‍ത്താവും കൂടി കെട്ടിച്ചമച്ചത്; കള്ളക്കേസുണ്ടാക്കിയത് മുന്നാമത്തെ മകനെ വിട്ടുകിട്ടാന്‍; ആരോപണവുമായി അമ്മ

Jaihind Webdesk
Thursday, July 1, 2021

തിരുവനന്തപുരം : വിവാദമായ കടയ്ക്കാവൂര്‍ പോക്‌സോ കേസില്‍ പൊലീസ് റിപ്പോര്‍ട്ടിനെതിരെ ആരോപണവിധേയായ അമ്മ. മകനെ പീഡിപ്പിച്ചെന്ന പരാതിയുടെ ഉറവിടത്തെക്കുറിച്ച് വ്യക്തമായ അന്വേഷണം വേണം. മകനെ കുറ്റക്കാരനാക്കുകയാണ്. കേസിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പുറത്തുകൊണ്ടുവരണമെന്നും അവര്‍ പറഞ്ഞു. സംഭവത്തില്‍ കടയ്ക്കാവൂര്‍ പൊലിസിനെതിരേ നടപടി വേണമെന്നും അമ്മ ആവശ്യപ്പെട്ടു.

നിലവില്‍ മകന്റെ മൊഴി മാത്രം അടിസ്ഥാനമാക്കിയാണ് പൊലീസ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. കുട്ടിയുടെ മൊഴി മാത്രമാണ് റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ ഭര്‍ത്താവ് മകനെക്കൊണ്ട് നിര്‍ബന്ധിച്ച് മൊഴി കൊടുപ്പിച്ചതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നില്ല. മകനെ വിട്ടികിട്ടാന്‍ വേണ്ടിയാണ് ഭര്‍ത്താവ് പൊലിസുമായി ചേര്‍ന്ന് കേസ് കെട്ടിച്ചമച്ചത്. കുട്ടിയെ കൊടുത്താല്‍ കേസ് പിന്‍വലിക്കാമെന്ന് എസ്.ഐ പറഞ്ഞിരുന്നുവെന്നും അമ്മ പറഞ്ഞു.

അതിനിടെ കടയ്ക്കാവൂര്‍ പീഡനക്കേസിലെ അന്വേഷണ റിപ്പോര്‍ട്ട് പൊലിസ് കോടതിയില്‍ സമര്‍പ്പിച്ചു. കേസില്‍ കുട്ടിയുടെ മൊഴിയല്ലാതെ മറ്റൊരു തെളിവുമില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു. സാക്ഷിമൊഴികളിലും മെഡിക്കല്‍ റിപ്പോര്‍ട്ടിലും പീഡനം നടന്നതിന് തെളിവില്ല. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രം കുറ്റകൃത്യം നടന്നെന്ന നിഗമനത്തില്‍ എത്താന്‍ കഴിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തുടരന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതിലാണ് ഈ വിവരങ്ങളുള്ളത്. അന്വേഷണം പൂര്‍ത്തിയാക്കി തുടര്‍ നടപടികള്‍ അവസാനിപ്പിക്കാന്‍ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.