അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി വ്യാജം ; മകന്‍റെ പരാതി വിശ്വാസയോഗ്യമല്ലെന്ന് പൊലീസ്

Jaihind Webdesk
Monday, June 21, 2021

തിരുവനന്തപുരം : കടയ്ക്കാവൂരില്‍ അമ്മ മകനെ പീഡിപ്പിച്ചെന്ന പരാതി വ്യാജം. മകന്‍റെ മൊഴി വിശ്വസനീയമല്ലെന്ന് അന്വേഷണസംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. വൈദ്യപരിശോധനയിലും തെളിവില്ല. തിരുവനന്തപുരം പോക്‌സോ കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്.  ഡിസംബര്‍ 18ന് മുന്‍ഭര്‍ത്താവാണ് സ്ത്രീക്കെതിരെ പരാതിപ്പെട്ടിരുന്നത്. തുടര്‍ന്ന് കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയ ശേഷം കടക്കാവൂര്‍ പൊലീസ് അമ്മയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ജനുവരി 22ന് ഹൈക്കോടതി ജാമ്യം ലഭിക്കുന്നത് വരെ അമ്മ ജയിലില്‍ കഴിയുകയായിരുന്നു. അസാധാരണമായ സംഭവങ്ങളെത്തുടര്‍ന്ന് പൊലീസിന്‍റെ ഭാഗത്ത് നിന്നുണ്ടായ നടപടികള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സാഹചര്യത്തെളിവുകള്‍ അമ്മയ്‌ക്കെതിരെയായതിനാലാണ് അറസ്റ്റ് ഉണ്ടായതെന്നായിരുന്നു പൊലീസിന്‍റെ വിശദീകരണം.

അമ്മയുടെ ഫോണില്‍ മകന്‍ സ്ഥിരമായി അശ്‌ളീല വീഡിയോ കണ്ടിരുന്നുവെന്നും ഇത് കണ്ടുപിടിച്ചപ്പോഴുണ്ടായ വൈരാഗ്യമാണ് വ്യാജപരാതിയിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.