മദ്യശാലകള്‍ തുറക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍; നാളത്തെ മന്ത്രിസഭാ യോഗം വ്യാഴാഴ്ചത്തേക്ക് മാറ്റി

Jaihind News Bureau
Tuesday, April 14, 2020

തിരുവനന്തപുരം : മദ്യശാലകള്‍ തുറക്കണമെന്ന്  മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ടൂറിസം മേഖലയ്ക്ക് പ്രത്യേക ഇളവ് അനുവദിക്കണമെന്നും മന്ത്രി പറഞ്ഞു. മന്ത്രിസഭാ യോഗത്തിലാകും ഇതുസംബന്ധിച്ച അന്തിമ തീരുമാനം എടുക്കുക. അതേസമയം നാളെ ചേരാനിരുന്ന മന്ത്രിസഭായോഗം വ്യാഴാഴ്ചത്തേക്ക് മാറ്റി. വേറെ ഏതൊക്കെ മേഖലകള്‍ക്ക് ഇളവ് അനുവദിക്കണം എന്നത് സംബന്ധിച്ചും മന്ത്രിസഭായോഗം പരിഗണിക്കുമെന്നും കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.

കേന്ദ്രത്തിന്‍റെ ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നാളെ പുറത്തുവിടും. അതിനുശേഷം മാത്രമേ സംസ്ഥാനത്തിന്‍റെ ഇളവുകള്‍ സംബന്ധിച്ച് തീരുമാനിക്കാനാവൂ. ഈ പശ്ചാത്തലത്തിലാണ് നാളെ നടത്താനിരുന്ന മന്ത്രിസഭായോഗം വ്യാഴാഴ്ചത്തേക്ക് മാറ്റിയത്. അതേസമയം രാജ്യത്ത് മെയ് മൂന്ന് വരെ ലോക്ക് ഡൗൺ നീട്ടിയിട്ടുണ്ട്. ഏപ്രില്‍ 20 വരെ കര്‍ശന നിയന്ത്രണങ്ങള്‍ തുടരണമെന്നും പ്രധാനമന്ത്രി പറഞ്ഞു. 20ന് ശേഷം കൊവിഡ്-19 ന്‍റെ വ്യാപനത്തോത് കണക്കിലെടുത്ത് ചില മേഖലകളില്‍ നിബന്ധനകളോടെ ഇളവുകള്‍ നല്‍കിയേക്കുമെന്നാണ് കരുതുന്നത്.

കൃഷി ഉൾപ്പെടെ ചില മേഖലകളില്‍ നിയന്ത്രിതമായി ഇളവ് നല്‍കാനാണ് ആലോചിക്കുന്നത്. ലോക്ക്ഡൗണ്‍ തുടരുമ്പോഴും ടൂറിസം മേഖലയ്ക്ക് ഇളവുകള്‍ നല്‍കണമെന്നും വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ മദ്യം അനുവദിക്കണമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. എന്നാല്‍ മദ്യശാലകൾ തുറന്നാൽ ഇത്തരത്തിലൊരു കർശന നിയന്ത്രണം എങ്ങനെ പാലിക്കാനാകുമെന്നാണ് ഉയരുന്ന ചോദ്യം. നേരത്തെ സമ്പൂർണ്ണ അടച്ചുപൂട്ടലിനിടയിലും ബിവറേജസ് തുറന്നുപ്രവര്‍ത്തിക്കാനുള്ള സംസ്ഥാന സർക്കാര്‍ തീരുമാനം വ്യാപക വിമർശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കൊവിഡ് പ്രതിരോധത്തെ ഇത് പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി വലിയ പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് സർക്കാർ തീരുമാനം പിന്‍വലിക്കാന്‍ തയാറായത്.

teevandi enkile ennodu para