ആക്കുളത്ത് അട്ടിമറിയെന്ന് കടകംപള്ളി; ടൂറിസം വകുപ്പിനെതിരെ ഗുരുതര ആരോപണം

 

തിരുവനന്തപുരം: ആക്കുളം കായൽ പുനരുജ്ജീവന പദ്ധതി നടപ്പാക്കുന്നതിലെ വീഴ്ചയിൽ ടൂറിസം വകുപ്പ് മന്ത്രിക്കെതിരെ ആഞ്ഞടിച്ച് സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രൻ. കോടികൾ വകയിരുത്തിയ പദ്ധതി നിക്ഷിപ്ത താൽപര്യങ്ങൾക്ക് വേണ്ടി ടൂറിസം വകുപ്പ് അട്ടിമറിച്ചെന്നാണ് കടകംപള്ളിയുടെ വിമർശനം.

തന്‍റെ മണ്ഡലത്തിൽ താൻ ടൂറിസം മന്ത്രിയായിരുന്ന കാലത്ത് തുടക്കമിട്ട ആക്കുളം പുനരുജ്ജീവന പദ്ധതി ടൂറിസം വകുപ്പ് അട്ടിമറിക്കുന്നുവെന്നാണ് കടകംപള്ളിയുടെ ഗുരുതരാരോപണം. മുഖ്യമന്ത്രിയുടെ നിർദേശം പോലും ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ മുഖവിലക്കെടുക്കുന്നില്ല. സ്വകാര്യ കൺസൾട്ടൻസിയെ ഏൽപ്പിച്ച് പദ്ധതിയെ അട്ടിമറിക്കാൻ നീക്കമുണ്ട്. തുടങ്ങിയ ഗുരുതര ആരോപണങ്ങളും കടകംപള്ളി സഭയിൽ ഉന്നയിച്ചു.

സമയബന്ധിതമായി കരാറിൽ ഏർപ്പെടാതെ ഓരോരോ മുടന്തൻ ന്യായങ്ങൾ പറഞ്ഞ് ടൂറിസം വകുപ്പ് കരാർ നീട്ടിക്കൊണ്ടു പോകുകയാണ് ഉണ്ടായത്. വകുപ്പ് മന്ത്രി സഭയ്ക്ക് നൽകിയ ഉറപ്പുപോലും നാളിതുവരെ പാലിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാല്‍ ആരോപണങ്ങൾക്ക് മറുപടി പറയാതെ കിഫ്ബി റിപ്പോർട്ട് പ്രകാരം മുന്നോട്ടു പോകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു.

Comments (0)
Add Comment