ശബരിമല യുവതീപ്രവേശനം കടകംപള്ളിയുടെ ഖേദപ്രകടനത്തില്‍ വിശദീകരണം തേടാന്‍ സി.പി.എം; മന്ത്രിക്കെതിരെ യച്ചൂരിയും രംഗത്ത്

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനത്തില്‍ തെറ്റുപറ്റിയെന്ന മന്ത്രി കടകംപളളി സുരേന്ദ്രന്‍റെ ഖേദപ്രകടനത്തില്‍ സിപിഎം വിശദീകരണം തേടും. സുപ്രീം കോടതി വിധി നടപ്പാക്കുന്നതിലും ശബരിമല നടന്ന സംഭവങ്ങളിലും തെറ്റുപറ്റിയെന്ന് കടകംപള്ളി നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ നിലപാട് സിപിഎം വിരുദ്ധമായതിനാല്‍ മന്ത്രിസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന കമ്മിറ്റിയില്‍ പാർട്ടിയും വിശദീകരണം തേടും. സിപിഎം ജനറല്‍ സെക്രട്ടറി  സീതാറാം യെച്ചൂരി കടകംപള്ളിയുടെ  ഖേദപ്രകടനത്തിനെതിരെ രംഗത്തു വന്നു. ശബരിമല വിശാല ബഞ്ചിന്‍റെ പരിഗണനയിലാണെന്നും കടകംപള്ളിയുടെ പ്രസ്താവന ഏത് സാഹചര്യത്തിലാണെന്ന് പാർട്ടി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിശാല ബെഞ്ചിന്‍റെ പരിഗണനയിലിരിക്കുന്ന വിഷയമാണെന്നും സത്യവാങ്മൂലം തിരുത്തുമോയെന്നതിന് പ്രസക്തിയില്ലായെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.

ശബരിമല വിധി പുറത്തു വന്നപ്പോള്‍ എന്തുവിലകൊടുത്തും വിധി  നടപ്പാക്കുമെന്ന സി.പി.എം നിലപാടിനോട് ചേർന്ന് നിന്ന കടകംപള്ളി , പിന്നീട് സ്ത്രീ പുരുഷസമത്വത്തിന് വേണ്ടി വനിതാ മതിലില്‍ അടക്കം പങ്കെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ എന്‍.എസ്.എസ് അടക്കമുള്ള വിശ്വാസി സമൂഹം ഇതിനെതിരെ രംഗത്ത് വരികയും വിശ്വാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് തിരിച്ചടി ഏല്‍ക്കുകയും ചെയ്തതോടെയാണ് സി.പി.എം നിലപാട് മയപ്പെടുത്തിയത്. ഖേദപ്രകടനത്തില്‍ സി.പി.എം മന്ത്രിയോട് വിശദീകരണം ആവശ്യപ്പെടുന്നതോടെ യുവതീപ്രവേശനത്തില്‍ നിന്ന് സി.പി.എം പിന്നോട്ട് പോയിട്ടില്ലെന്ന കാര്യം വ്യക്തമാണ്.

 

 

 

 

 

Comments (0)
Add Comment