പ്രളയാനന്തരം ദുരിതം നീര്‍നായയുടെ രൂപത്തിലും; കബനി തീരത്ത് മുതലയ്ക്കു പിന്നാലെ പുഴകളിൽ നീർനായക്കൂട്ടവും

Jaihind Webdesk
Monday, February 18, 2019

കബനിയടക്കമുള്ള പുഴകളിൽ മുതലയ്ക്കും ചീങ്കണ്ണിക്കുമൊപ്പം നീർനായ ശല്യവും. കബനി പുഴയിൽ കൊറ്റില്ലത്തിനും, മാത്തൂർ തടയണയ്ക്കു സമീപവുമാണ് നീർനായകൾ ഏറ്റവും കൂടുതലുള്ളത്. കബനിക്കു പുറമേ നരസിപുഴ, പനമരം ചെറിയപുഴ എന്നിവിടങ്ങളിലും നീർനായ ശല്യമുണ്ട്. പുഴയിൽ അലക്കാനും കുളിക്കാനും ഇറങ്ങുന്നവർക്ക് ഇവ ഭീഷണിയാണ്.

കഴിഞ്ഞ ദിവസം കൊറ്റില്ലത്തിന് അടുത്തുള്ള പമ്പ് ഹൗസിനു സമീപം ഇറങ്ങിയ യുവാവ് നീർനായക്കൂട്ടത്തേ കണ്ട് ഭയന്ന് ഓടിയിരുന്നു. ചെറുതും വലുതും അടക്കം പന്ത്രണ്ടോളം നീർനായകാളുടെ കൂട്ടമാണ് പുഴയിൽ നിന്ന് കരയിലേക്കു കയറിയെത്തിയത്. കൊറ്റില്ലത്തിനടുത്ത് പുഴയിൽ കാട് പടർന്നതിനോട് ചേർന്നുള്ള പാറക്കുട്ടങ്ങൾക്കിടയിലാണ് ഇവ പതുങ്ങിയിരിക്കുന്നത്.

പ്രളയ ശേഷമാണ് ഒറ്റയ്ക്കും കൂട്ടമായും ഇവയെ വ്യാപകമായി കണ്ടു തുടങ്ങിയതെന്നു സമീപവാസികൾ പറയുന്നു. നീർനായകൾ പെരുകിയതോടെ മീൻ പിടിത്തക്കാരും നാട്ടുകാരും ഭീതിയിലാണ്. മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയും നീർനായ ശല്യം ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.