കാസർകോട്: അന്വേഷണം പൂര്‍ത്തിയായിട്ടും വ്യാജരേഖ കേസിൽ കുറ്റപത്രം സമര്‍പ്പിക്കാതെ നീലേശ്വരം പോലീസ്. കരിന്തളം ഗവണ്മെന്റ് കോളേജ് വ്യാജരേഖ കേസിലാണ് പോലീസ് കുറ്റപത്രം സമർപ്പിക്കാത്തത്. മണ്ണാര്‍ക്കാട് കോടതിയില്‍ നിന്നുള്ള ചില രേഖകള്‍ക്കായി കാത്തിരിക്കുകയാണെന്നാണ് പോലീസിന്റെ വിശദീകരണം. എസ്.എഫ്.ഐ മുന്‍ നേതാവ് കെ.വിദ്യയാണ് കേസിലെ പ്രതി.
ജൂണ്‍ 27 നായിരുന്നു കെ. വിദ്യയെ പോലീസ് അറസ്റ്റ് ചെയ്തത്. കരിന്തളം ഗവ. കോളേജില്‍ ഗസ്റ്റ് ലക്ചറര്‍ ജോലി നേടാന്‍ വ്യാജ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചതിനായിരുന്നു അറസ്റ്റ്. മഹാരാജാസ് കോളേജിന്റെ പേരിലുള്ള വ്യാജ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ഒരു വര്‍ഷം കരിന്തളം ഗവ. കോളേജില്‍ വിദ്യ ജോലി ചെയ്തിരുന്നു. വ്യാജരേഖ നിര്‍മ്മിക്കല്‍, വഞ്ചന, വ്യാജരേഖ സമര്‍പ്പിക്കല്‍, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് നീലേശ്വരം പോലീസ് വിദ്യക്കെതിരെ ചുമത്തിയത്. കേസില്‍ അന്വേഷണം പൂര്‍ത്തിയായിട്ടുണ്ട്. പക്ഷേ വിദ്യ അറസ്റ്റിലായി അഞ്ചര മാസം കഴിഞ്ഞിട്ടും പോലീസ് ഇതുവരെ കുറ്റപത്രം സര്‍പ്പിച്ചിട്ടില്ല.
മണ്ണാര്‍ക്കാട് കോടതിയില്‍ നിന്ന് ചില ശാസ്ത്രീയ തെളിവുകളുടെ സര്‍ട്ടിഫൈഡ് കോപ്പികള്‍ ലഭിക്കാനായി കാത്തിരിക്കുകയാണെന്നാണ് പോലീസിന്റെ വിശദീകരണം. നിലവില്‍ വിദ്യ മാത്രമാണ് പ്രതിയെന്നാണ് പോലീസ് പറയുന്നത്. മറ്റാരുടേയും സഹായമില്ലാതെ സ്വന്തം മൊബൈല്‍ ഫോണിലാണ് രേഖ ഉണ്ടാക്കിയതെന്നും ഇതിന്റെ ഒറിജിനല്‍ നശിപ്പിച്ചുവെന്നുമുള്ള വിദ്യയുടെ മൊഴി ശരിവയ്ക്കുകയാണ് അന്വേഷണസംഘം.