രക്തത്തില്‍ മുക്കി സമരത്തെ അടിച്ചമര്‍ത്താമെന്ന് പിണറായി കരുതേണ്ട, ലക്ഷങ്ങള്‍ പിന്നിലുണ്ട്; പോലീസുകാര്‍ രാഷ്ട്രീയപ്രതികാരത്തിന് തുനിഞ്ഞാല്‍ തിരിച്ചടിയുണ്ടാകും: താക്കീതുമായി കെ സുധാകരന്‍

കെ സുധാകരൻ എം.പി കെ.എസ്.യു സമരപ്പന്തൽ സന്ദർശിച്ചു. പോലീസിനെ ഉപയോഗിച്ച് രക്തത്തില്‍ മുക്കി സമരത്തെ അടിച്ചമർത്താമെന്ന് പിണറായി വിജയന്‍ കരുതേണ്ടെന്ന് കെ സുധാകരന്‍ ഓര്‍മപ്പെടുത്തി. രാഷ്ട്രീയ പ്രതികാരം ചെയ്യാന്‍ പോലീസ് കൂട്ടുനിന്നാല്‍ ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്നും താക്കീത് നല്‍കി. നീതിക്കായുള്ള കെ.എസ്.യുവിന്‍റെ പോരാട്ടത്തിനൊപ്പം ലക്ഷക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൂര്‍ണപിന്തുണയുമായി പിന്നിലുണ്ടെന്നും സമരം വിജയിക്കും വരെ മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിന്ദ്യവും നീചവും ഹീനവുമായ സംഭവമാണ് യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പുറത്തുവന്നിരിക്കുന്ന പരീക്ഷാ ക്രമക്കേടുകള്‍. സമൂഹമനസാക്ഷിയെ തൊട്ടുണർത്താൻ ഏറ്റവും മികവുറ്റ സമരമായി കെ.എസ്.യുവിന്‍റെ സമരം മാറി. അറിവിന്‍റെയും പഴമയുടെയും പ്രൌഡിയുടെയും പ്രതീകമായ യൂണിവേഴ്സിറ്റി കോളേജില്‍ എസ്.എഫ്.ഐ ഗുണ്ടകളുടെ വിളയാട്ടമാണ് നടക്കുന്നത്. അധ്യാപകരും വിദ്യാർഥികളും പ്രിൻസിപ്പാളും കൂട്ടുകച്ചവടത്തിന്‍റെ  ഭാഗമായിരുന്നു എന്നാണ് മനസിലാകുന്നത്. പി.എസ്.സി നിയമനം മുതൽ പരീക്ഷാ ഫലങ്ങൾ വരെ  ക്രിമനലുകളായ എസ്.എഫ്.ഐക്കാരുടെ നിയന്ത്രണത്തിലായിരുന്നു എന്നതിന്‍റെ തെളിവുകളാണ് കണ്ടെത്തിയത്.അധ്യാപകരെ പോലും ഇടിമുറിയില്‍ കയറ്റി മര്‍ദിച്ചിരുന്നു. അപമാനഭയം കാരണമാണ് അധ്യാപകര്‍ ഇക്കാര്യം പുറത്തുപറയാത്തത്. അഖിലിനെ കുത്തിയിട്ട് പ്രിൻസിപ്പൽ യാതൊരു നടപടിയും സ്വീകരിച്ചില്ല. മാധ്യമങ്ങൾ എത്തിയപ്പോൾ പുറത്താക്കാൻ പ്രിൻസിപ്പൽ കാണിച്ച ധൃതിഅധ്യാപകർക്ക് കിട്ടിയ ഇടിയുടെ പ്രതികരണമാണെന്നാണ് മനസിലാക്കേണ്ടിയിരിക്കുന്നത്. അധ്യാപകരെപ്പോലും ഇടിമുറിയിൽ വരുതിയിലാക്കുന്ന എസ്.എഫ് ഗുണ്ടകൾ അടക്കിഭരിക്കുന്ന ഒരു കലാലയ കേന്ദ്രമായി യൂണിവേഴ്‌സിറ്റി മാറി.

ഗുണ്ടാസ്വഭാവം പുലർത്തുന്നവരാണ് ചില പോലീസുകാര്‍. ഇടതുഭരണത്തില്‍ പോലീസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടവര്‍ ഗുണ്ടകളാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഭരണം എപ്പോഴും തണലേകില്ലെന്നും  കാക്കി ഉടുപ്പിട്ട പോലീസുകാര്‍ രാഷ്ട്രീയ പ്രതികാരത്തിന് തുനിഞ്ഞാൽ ഇതിന്‍റെ പ്രതിഫലനം കാക്കിയുടുപ്പ് മറന്നുകൊണ്ട് കോണ്‍ഗ്രസിന്‍റെ ഭാഗത്തുനിന്നുണ്ടാകുമെന്നും അദ്ദേഹം പോലീസിന് താക്കീത് നൽകി.

ധാർമികത നഷ്ടമായ മുഖ്യമന്ത്രി ഈ സമരത്തെ പോലീസിനെ ഉപയോഗിച്ച് രക്തത്തിൽ മുക്കി കൊല്ലാമെന്ന് കരുതേണ്ട. നീതിക്ക് വേണ്ടിയുള്ള കെ.എസ്.യു സമരത്തിന് ശക്തി പകരാൻ ലക്ഷക്കണക്കിന് കോണ്‍ഗ്രസുകാര്‍ അണിനിരക്കും. മർദനപരിപാടികളിലൂട സമരത്തെ തളർത്താമെന്ന് വിചാരിക്കേണ്ട. വനിതാപ്രവർത്തകർക്കെതിരെ ക്രൂരമായ മർദനമാണ് പുരുഷ പോലീസ് നടത്തിയത്. മുഖ്യമന്ത്രിയുടെ അംഗരക്ഷകരും ഇക്കൂട്ടത്തിലുണ്ട്. പിണറായിയുടെ കിങ്കരന്മാർക്ക് പെൺകുട്ടികളെ നേരിടാൻ ആരാണവകാശം കൊടുത്തതെന്നും കെ സുധാകരന്‍ ചോദിച്ചു. ലക്ഷ്യം കാണുംവരെ സമരം മുന്നോട്ടുപോകും. അതിന് എല്ലാ പിന്തുണയുമായി കേരളത്തിലെ മുഴുവൻ കോൺഗ്രസ് പ്രവർത്തകരും ഒപ്പമുണ്ടാകുമെന്നും കെ.എസ്.യു സമരത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കെ സുധാകരൻ അറിയിച്ചു. ക്ലിഫ് ഹൌസ് പ്രതിഷേധത്തിനിടെ പോലീസ് അതിക്രമത്തില്‍ പരിക്കേറ്റ് ചികിത്സയിലുള്ള വനിതാപ്രവര്‍ത്തകരടക്കമുള്ളവരെയും അദ്ദേഹം ആശുപത്രിയില്‍‌ സന്ദര്‍ശിച്ചു.

https://www.youtube.com/watch?v=VGab_w7bFz4

KSUK Sudhakaran
Comments (0)
Add Comment