ന്യൂഡൽഹി: കൻ്റോൺമെൻ്റ് ബോർഡിൻ്റെ അധീനതയിൽ ഉള്ള സ്വാതന്ത്ര സമര ചരിത്രത്തിലെ ജ്വലിക്കുന്ന സ്മൃതികളിരമ്പുന്ന കണ്ണൂർ വിളക്കുംതറ മൈതാനം പൊതു ഉപയോഗത്തിന് വിട്ട് തരണമെന്ന് ലോകസഭയിൽ ശൂന്യവേളയിൽ കെ.സുധാകരൻ എം.പി ആവശ്യപ്പെട്ടു. കണ്ണൂരിലെ കൻ്റോൺമെൻ്റ് ബോർഡ് ഇന്ത്യൻ ആംഡ് ഫോഴ്സിന്‍റെ തന്ത്രപ്രധാനമായ കേന്ദ്രമാണ്. ഈ കൻ്റോൺമെൻ്റ് ഏരിയയ്ക്ക് ഉള്ളിലാണ് ഇന്ത്യയിലെ തന്നെ പ്രശസ്തമായിട്ടുള്ള ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളായ സെന്‍റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഈ സ്കൂളിൽ നാലായിരത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട് .
വിദ്യാലയത്തിലെക്കുള്ള വഴിയോട് ചേർന്നിട്ടാണ് വിളക്കും തറ മൈതാനം എന്നറിയപ്പെടുന്ന ഒന്നര ഏക്കർ ജി എൽ ആർ സർവ്വേ നമ്പർ 32 എന്ന വസ്തു. ചരിത്ര സ്മൃതികളുള്ള വിളക്കും തറ മൈതാനം വർഷങ്ങളായി കണ്ണൂരിൻ്റെ സാമൂഹിക സാംസ്ക്കാരിക രാഷ്ട്രീയ പൊതു പരിപാടികൾക്ക് ഒത്തുചേരുന്ന കേന്ദ്രമായി ഉപയോഗിക്കുന്ന ഗ്രൗണ്ടുകൂടിയാണ്.
കൂടാതെ സ്കൂൾ അധ്യയന സമയങ്ങളിൽ സ്കൂൾ വാനുകളും, ഓട്ടോറിക്ഷകളും, കുട്ടികളെ കയറുവാനും ഇറക്കുവാനും വേണ്ടി ഉപയോഗിക്കുന്നതും ഈയൊരു ഗ്രൗണ്ടാണ്. സെൻ്റ് മൈക്കിൾസ് സ്കൂളിലേക്ക് എത്തിച്ചേരുന്നതിനുള്ള ഏക വഴി ഈ ഗ്രൗണ്ടിലൂടെ ആണ്.
കഴിഞ്ഞ കുറച്ചു നാളുകളായി പ്രതിരോധ സുരക്ഷാ സേന ഈ സ്ഥലം ഏറ്റെടുക്കാനുള്ള നിർദ്ദേശങ്ങൾ കൊടുത്തിട്ടുണ്ട്. ഈ മൈതാനത്ത് പൊതുജനങ്ങൾ പ്രവേശിക്കുന്നത് തടയുന്നതിന് വേണ്ട കാര്യങ്ങൾ ചെയ്തിരുന്നു. 2001, 2004 വർഷങ്ങളിലും ഇതുപോലുള്ള നടപടികളുമായി പ്രതിരോധ വകുപ്പിൻ്റെ ശ്രമങ്ങൾ ഉണ്ടായിരുന്നു. ആ സമയങ്ങളിൽ ഗവൺമെന്‍റിന്‍റെ കൃത്യമായ ഇടപെടലുകൾ മൂലം പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും യാത്രാസൗകര്യത്തിന് ബുദ്ധിമുട്ട് നേരിടാതെ ഗ്രൗണ്ട് ഉപയോഗപ്പെടുത്താൻ സാധിച്ചിരുന്നു. അതുകൊണ്ടുതന്നെ വിളക്കും തറ മൈതാനം പൊതു ആവശ്യത്തിന് ഉപയോഗിക്കുവാൻ കഴിയുന്ന രീതിയിലുള്ള തരത്തിൽ മാറ്റി തരണം എന്ന് ശൂന്യവേളയിൽ കെ.സുധാകരൻ എം.പി ആവശ്യപ്പെട്ടു.