സർക്കാർ ധൂർത്ത് നടത്തിയിട്ട് ജീവനക്കാരെ സാലറി ചലഞ്ചിന്റെ പേരിൽ ദ്രോഹിക്കുന്നത് ശരിയായ നടപടിയല്ലെന്നും തോമസ് ഐസക്കിന്റെ സാമ്പത്തിക അച്ചടക്കമില്ലായ്മയും, മുഖ്യമന്ത്രിയുടെ ഉപദേശികളുടെ തല തിരിഞ്ഞ നയങ്ങളും മൂലം സംസ്ഥാനത്തിന് വരുത്തി വച്ച സാമ്പത്തിക പ്രതിസന്ധിയുടെ പാപഭാരം ജീവനക്കാരുടെ തലയിൽ കെട്ടിവയ്ക്കരുതെന്നും സർക്കാറിന് ഇരപിടിക്കുന്ന വേട്ടക്കാരുടേത് പോലുള്ള സ്വഭാവമാണെന്നും കെ.സുധാകരൻ എം.പി പറഞ്ഞു.
കേരളത്തിൽ കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ പ്രത്യേക പദ്ധതികളൊന്നും നടപ്പിലാക്കാതെയും വലിയ തോതിലുള്ള വികസന പ്രവർത്തനങ്ങൾ സംസ്ഥാനത്ത് കൊണ്ട് വരാതെയും 1.05 ലക്ഷം കോടിയുടെ അധികകടബാധ്യതയാണ് പിണറായി സർക്കാർ പുതുതായി വരുത്തി വെച്ചിരിക്കുന്നത്
കൊവിഡ് 19ന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ മുഴുവൻ സമയവും ആത്മാർത്ഥമായി സേവനത്തിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യ വകുപ്പിലെയും, പൊലീസ് സേനയിലെയും , മറ്റ് ആവശ്യ സർവ്വീസ് വകുപ്പുകളിലെയും ജീവനക്കാരെ സാലറി ചലഞ്ചിൽ നിന്ന് ഒഴിവാക്കാൻ പോലും സർക്കാർ തയ്യാറായിട്ടില്ല.
തോമസ് ഐസക്കിനെ പോലെ പരാജയപ്പെട്ട ഒരു ധനകാര്യ മന്ത്രിയെ കേരളം ഇതുവരെ കണ്ടിട്ടില്ലെന്നും ഇടത് സർക്കാറിന്റെ കാലത്ത് കേരളത്തെ സാമ്പത്തിക പരാധീനതയിലേക്ക് നയിച്ചത് കൊവിഡ് മഹാമാരി മാത്രമാണോയെന്ന് പരിശോധിക്കേണ്ടതുമാണ്.
ജീവനക്കാരിൽ നിന്ന് പിടിച്ചെടുക്കുന്ന തുക എപ്പോൾ തിരിച്ച് നൽകുമെന്ന് പറയാൻ പോലും മുഖ്യമന്ത്രി അടക്കമുള്ളവർക്ക് സാധിക്കുന്നില്ലെന്നും സാലറി ചലഞ്ച് ഉത്തരവിൽ ഇത് പരാമർശിക്കാത്തത് ജീവനക്കാരോടുള്ള കൊടിയ വഞ്ചനയാണെന്നും കെ.സുധാകരൻ എം.പി പ്രസ്താവനയിൽ പറഞ്ഞു.