ശബരിമല; സംസ്ഥാനത്ത് വീണ്ടും പ്രശ്നങ്ങളുണ്ടായത് മുഖ്യമന്ത്രി കാരണം: കെ സുധാകരന്‍

Jaihind Webdesk
Friday, January 4, 2019

സാവകാശ പെറ്റീഷൻ കൊടുത്ത് സമാധാനം നിലനിന്ന കേരളത്തിൽ വീണ്ടും പ്രശ്‌നം ഉണ്ടായത് മുഖ്യമന്ത്രി കാരണമെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്‍റ് കെ സുധാകരൻ. ശബരിമല ദര്‍ശനം നടത്തിയ യുവതികള്‍ക്ക് സീതാലക്ഷ്മി ലോഡ്ജില്‍ എല്ലാ സൌകര്യവും ചെയ്തുകൊടുത്തത് കണ്ണൂരിലെ മുന്‍ ഏരിയാ സെക്രട്ടറി ഷിമിത് ആണ്. ഇതിന് ആരാണ് ഉത്തരവാദിത്വം ഏല്‍പിച്ചതെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാനത്തുണ്ടായ അക്രമ സംഭവങ്ങള്‍ക്ക് മുഖ്യമന്ത്രിയെ ആണ് ആദ്യം അറസ്റ്റ് ചെയ്യേണ്ടത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മനപൂര്‍വം ഇടിപ്പിച്ച് കൊല്ലാനാണ് മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനത്തിലെ ഡ്രൈവര്‍ ശ്രമിച്ചതെന്നും കെ സുധാകരന്‍ പറഞ്ഞു.

ശബരിമല നട അടച്ച തന്ത്രിയുടെ നടപടി കോടതിയലക്ഷ്യമല്ല. ആചാരപ്രകാരമുള്ള കര്‍ത്തവ്യം നിറവേറ്റുന്നത് തന്ത്രിയുടെ കര്‍മമാണെന്നും അത് കോടതിയലക്ഷ്യമാകില്ലെന്നും കെ സുധാകരന്‍ വ്യക്തമാക്കി.

അക്രമം നടത്തുന്നതിന് പകരം നിയമനിര്‍മാണം നടത്താനാണ് ബി.ജെ.പി തയാറാകേണ്ടതെന്നും, കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ നിയമനിര്‍മാണം നടത്തുമെന്നും കെ സുധാകരന്‍ കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.