പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവർക്കെതിരെ കേസെടുക്കുന്ന സർക്കാർ നയം തിരുത്തണമെന്ന് കെ.സുധാകരൻ

Jaihind News Bureau
Wednesday, January 15, 2020

പൗരത്വ ഭേദഗതിക്കെതിരെ  പ്രതിഷേധിക്കുന്നവർക്കെതിരെ കേസെടുക്കുന്ന സർക്കാർ നയം തിരുത്തണമെന്ന് കെ.സുധാകരൻ എംപി.  ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടേത്  ഇരട്ടത്താപ്പ് സമീപനം. പിണറായി വിജയൻ  കോൺഗ്രസ്സിനെ ഉപദേശിക്കേണ്ടെന്നും. സ്വയം നന്നാകുവാൻ നോക്കൂ എന്നും കെ.സുധാകരൻ എംപി കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

രാജ്യത്തെ ജനങ്ങളെ ദോഷകരമായി ബാധിക്കുന്ന കേന്ദ്രസർക്കാർ പാസാക്കിയ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവർക്കെതിരെ കേസെടുക്കുന്ന സർക്കാർ നയം അടിയന്തിരമായി തിരുത്തണം. ഒരു ഭാഗത്ത് നിയമത്തിനെതിരെ ഗീർവാണ പ്രസംഗമടിക്കുകയും മറുഭാഗത്ത് കേന്ദ്ര സർക്കാരിനെതിരെ സമരം ചെയ്യുന്നവരെ കേസെടുത്ത് ജയിലിലടക്കുകയും ചെയ്യുന്ന  നയമാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്നും കെ.സുധാകരൻ എംപി പറഞ്ഞു.

കേന്ദ്ര ഗവൺമെന്‍റിന്‍റെ താൽപര്യത്തിനനുസരിച്ച് എൻ.പി.ആർ വളഞ്ഞ വഴിയിൽ കേരളത്തിൽ  നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുകയാണ്. പൗരത്വ ഭേദഗതി ബില്ലിനെതിരെ കോൺഗ്രസ് സമരം സംബന്ധിച്ച പിണറായിയുടെ അഭിപ്രായം യെച്ചൂരിക്ക് ഇല്ല. പിണറായി കോൺഗ്രസ്സിനെ ഉപദേശിക്കാതെ സ്വയം നന്നാകുവാൻ നോക്കുവെന്നും കെ.സുധാകരൻ എംപി പറഞ്ഞു.

ബി ജെ പിയുടെ വോട്ട് വാങ്ങി കന്നിയംഗത്തിൽ ജയിച്ച് അസംബ്ലിയിൽ പോയ ആളാണ് പിണറായി വിജയൻ. കേരളത്തിലെ മുസ്ലിം സമുദായത്തിനെതിരെ കൊള്ളയും കൊള്ളിവെയ്പ്പും നടത്തിയത് സിപിഎം ആണ്.  ഗവർണ്ണർ വിഷയത്തിൽ മുഖ്യമന്ത്രി ഉരിയാടാപ്പയ്യൻ ആയത് സംഘപരിവാർ വിധേയത്വവും ചില രഹസ്യ അജണ്ടകളും ഉള്ളത് കൊണ്ടാണെന്നും കെ.സുധാകരൻ കുറ്റപ്പെടുത്തി. ഡി സി സി പ്രസിഡന്‍റ് സതീശൻ പാച്ചേനി, ഐഎൻടിയുസി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

 

https://youtu.be/pC6el9Kht8c