മുഖ്യമന്ത്രിക്ക് പൊളിറ്റിക്കല്‍ ക്രിമിനലിന്‍റെ ഭാഷ ; നട്ടെല്ലുണ്ടെങ്കില്‍ ആരോപണങ്ങള്‍ തെളിയിക്കണം ; മറുപടി എണ്ണിപ്പറഞ്ഞ് കെ. സുധാകരന്‍

Jaihind Webdesk
Saturday, June 19, 2021

കൊച്ചി :  മുഖ്യമന്ത്രി പിണറായി വിജയന്‍ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി എണ്ണിപ്പറഞ്ഞ് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ എം.പി. ആരോപണങ്ങള്‍ക്ക് അതേ ഭാഷയില്‍ മറുപടി പറയാനില്ല. പി.ആര്‍ ഏജന്‍സിയുടെ മൂടുപടത്തില്‍ നിന്നും പുറത്തുവന്ന യഥാര്‍ത്ഥ വിജയനാണ് ഇന്നലെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നത്. പൊളിറ്റിക്കല്‍ ക്രിമിനലിന്റെ ഭാഷയാണ് മുഖ്യമന്ത്രിയില്‍ നിന്നും ഉണ്ടായതെന്നും അദ്ദേഹം കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രിയുടെ മുന്‍കാല രാഷ്ട്രീയ പാരമ്പര്യം വിളിച്ചോതുന്ന തരത്തിലുള്ള ഭാഷയും ശൈലിയും ഭാവവുമാണ് അദ്ദേഹത്തില്‍ കാണാനായത്. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലെ പരാമര്‍ശങ്ങളാണ് വാര്‍ത്താസമ്മേളനത്തിന് മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചത്. അഭിമുഖത്തിലെ എല്ലാ കാര്യങ്ങളും താന്‍ പറഞ്ഞതല്ല. മക്കളെ തട്ടിക്കൊണ്ടുപോകാന്‍ താന്‍ പദ്ധതിയിട്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. സ്വന്തം അനുഭവം പങ്കുവയ്ക്കാന്‍ എഴുതി വായിക്കണോ എന്നും അദ്ദേഹം ചോദിച്ചു.

മക്കളെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടെന്ന് വെളിപ്പെടുത്തിയ വ്യക്തിയുടെ പേര് എന്തുകൊണ്ട് മുഖ്യമന്ത്രി പറയുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. പൊലീസില്‍ പരാതി നല്‍കാനും പിണറായി തയ്യാറായില്ല. തനിക്ക് വിദേശ കറന്‍സി ഇടപാടുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ മറ്റൊരു ആരോപണം. 5 വര്‍ഷം സംസ്ഥാനത്തെ സാമ്പത്തിക ഇടപാടുകളിലുടനീളം അഴിമതിയും സ്വജനപക്ഷപാതവും വച്ച് പുലര്‍ത്തിയ വ്യക്തിയാണ് ഇക്കാര്യം പറയുന്നത്. സ്വര്‍ണ്ണക്കടത്തും ഡോളര്‍ക്കടത്തും എല്ലാം നടന്നത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണെന്ന് കേരളത്തിലെ ജനങ്ങള്‍ക്കറിയാം. സ്വപ്ന സുരേഷിനെ അറിയില്ലെന്ന് പറഞ്ഞയാളാണ് പിണറായി. പച്ചക്കള്ളമാണ് മുഖ്യമന്ത്രി പറയുന്നത്.

മണല്‍ മാഫിയയുമായി തനിക്ക് ബന്ധമുണ്ടെന്ന് മുഖ്യമന്ത്രി പറയുന്നു. ഭരണം നിങ്ങളുടെ കൈയ്യിലാണ്. ഇക്കാര്യം അന്വേഷിക്കണം. മാഫിയ ബന്ധം തനിക്കല്ല പിണറായി വിജയനാണ്. വെടിയുണ്ടകളും തോക്കും എല്ലാം പിടികൂടിയത് പിണറായിയില്‍ നിന്നാണ്. ജനം വിലയിരുത്തും ആരാണ് മാഫിയയെന്ന്. തന്നെ അര്‍ധനഗ്നനാക്കി ഓടിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദുഃസ്വപ്നം കണ്ടാണ് മുഖ്യമന്ത്രി പത്രസമ്മേളനം നടത്തിയത്. നട്ടെല്ലുണ്ടെങ്കില്‍ തനിക്കെതിെര ഉന്നയിച്ച ആരോപണം അന്വേഷിക്കണം. ചീഞ്ഞളിഞ്ഞ, വിദ്വേഷമുള്ള മനസല്ല, തുറന്ന മനസാണ് മുഖ്യമന്ത്രിക്ക് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.