ജെല്ലിക്കെട്ട് മോഡല്‍ സമരം വേണ്ടിവരും: കെ സുധാകരന്‍

സർക്കാർ പക്വതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്തില്ലെങ്കിൽ ജെല്ലിക്കെട്ട് മോഡൽ സമരം കേരളത്തിലുണ്ടാകുമെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്‍റ് കെ സുധാകരന്‍. ശബരിമല സുപ്രീം കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ റിവ്യു ഹർജി നൽകാന്‍ തയാറാകണം. അല്ലെങ്കിൽ അനുഷ്ഠാനവും, ആചാരവും, വിശ്വാസവും സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ സർക്കാർ നിയമനിർമാണം നടത്താൻ തയാറാവണമെന്നും കെ സുധാകരൻ കണ്ണൂരിൽ പറഞ്ഞു.

കണ്ണുർ പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച മുഖം മുഖം പരിപാടിയിലാണ് ശബരിമല സംബന്ധിച്ച സുപ്രീം കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ റിവ്യൂ ഹർജി നൽകണമെന്ന് കെ.സുധാകരൻ ആവശ്യപ്പെട്ടത്.

ഒരു വിധിന്യായത്തിന് എതിരെ ഒരു ജനസമൂഹത്തിന്റെ പ്രതിഷേധമാണ് ഇന്നലെ കണ്ടത് സർക്കാർ പക്വതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്തില്ലെങ്കിൽ ജെല്ലിക്കെട്ട് മോഡൽ സമരം കേരളത്തിലുണ്ടാകും നിയമത്തിന്റെ വഴിയിലൂടെ സഞ്ചരിച്ച് വിശ്വാസം സംരക്ഷിക്കാൻ സർക്കാർ നടപടി എടുക്കണം. വിധി ജനങ്ങൾക്കിടയിൽ ആശങ്ക ഉണ്ടാക്കിട്ടുണ്ട്. മറ്റ് വിശ്വാസങ്ങളുടെ മേൽ ഇടപെടാനുള്ള തുടക്കം മാത്രമായി ശബരിമല സംബന്ധിച്ച വിധി കാരണമാകുമെന്നും സുധാകരൻ പറഞ്ഞു.

അനുഷ്ഠാനവും വിശ്വാസവും സംരക്ഷിക്കാൻ നിയമനിർമാണം നടത്തി ഓർഡിനൻസ് ഇറക്കണമെന്നും കെ സുധാകരൻ ആവശ്യപ്പെട്ടു. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം അവിശ്വാസികളുടേതാണ്. സംസ്ഥാന സർക്കാർ നല്ല ബുദ്ധിയോടെ ആലോചിക്കണം, അല്ലെങ്കിൽ അവസര വാദികൾ ഇത് മുതലെടുക്കുമെന്നും കെ സുധാകരൻ പറഞ്ഞു.

ഡി.സി.സി പ്രസിഡന്‍റ് സതീശൻ പാച്ചേനിയും കെ സുധാകരനൊപ്പം മുഖാമുഖം പരിപാടിയിൽ പങ്കെടുത്തു.

K Sudhakaran
Comments (0)
Add Comment