ലോകായുക്തയുടെ ചിറകരിയുന്നത് അഴിമതിക്കേസില്‍ നിന്നു രക്ഷപ്പെടാന്‍: കെ സുധാകരന്‍ എംപി

Jaihind Webdesk
Tuesday, January 25, 2022

ലോകായുക്തയുടെ ചിറകരിഞ്ഞ് മുഖ്യമന്ത്രിയും ഉന്നതവിദ്യാഭ്യാസ മന്ത്രിയും അഴിമതിക്കേസുകളില്‍ നിന്നു രക്ഷപ്പെടാന്‍ കാട്ടുന്ന വ്യഗ്രത ഞെട്ടിപ്പിച്ചെന്നു കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. ലോകായുക്തയുടെ പിടിവീഴുമെന്ന് ഉറപ്പായപ്പോഴാണ് അതിനെ തന്നെ ഇല്ലാതാക്കാന്‍ ശ്രമിച്ചത്. നിയമസഭ സമ്മേളിക്കാനിരിക്കെ സഭയെ നോക്കുകുത്തിയാക്കി സര്‍ക്കാര്‍ ലോകായുക്തയെ ഇല്ലാതാക്കുന്നത് അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണ്.

ലോകായുക്തയെ ഇല്ലാതാക്കുന്നവര്‍ നാളെ ജുഡീഷ്യറിയെയും മറ്റും നിയമസംവിധാനങ്ങളെയും ഇല്ലാതാക്കും. ലോക്പാല്‍ ബില്ലിനു മുര്‍ച്ച പോരെന്നും ലോകായുക്തയെ കൂടുതല്‍ ശക്തിപ്പെടുത്തണമെന്നും വാതോരാതെ പ്രസംഗിച്ചവരാണ് ഇപ്പോള്‍ സ്വന്തംകാര്യം വന്നപ്പോള്‍ അതെല്ലാം വിഴുങ്ങിയത്. അഴിമതിക്കെതിരേയുള്ള സിപിഎമ്മിന്റെ ഗീര്‍വാണം അധരവ്യായാമം മാത്രമാണ്.

കണ്ണൂര്‍ വിസി പുനര്‍നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്‍റെ കൈവശമുള്ള രേഖകള്‍ ഹാജരാക്കാന്‍ ലോകായുക്ത ഉത്തരവിട്ടത് ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു ആരോപണവിധേയായി പ്രതിസ്ഥാനത്താണ്. ദുരിതാശ്വാസനിധിയില്‍ നിന്നും അനര്‍ഹര്‍ക്ക് സഹായം നല്‍കിയതിന് മുഖ്യമന്ത്രിക്കെതിരായ പരാതിയും ലോകായുക്തയുടെ പരിഗണനയിലാണ്. ഇവയില്‍ തിരിച്ചടി ഉണ്ടായാല്‍ അതിനെ മറികടക്കാനുള്ള തന്ത്രപ്പാടാണ് ഓര്‍ഡിനന്‍സ് ഭേദഗതിക്ക് പിന്നിലുള്ളത്.

അഴിമതിയും സ്വജനപക്ഷപാതവും നടത്തിയ ശേഷം അതില്‍ നിന്ന് രക്ഷപ്പെടാന്‍ സര്‍ക്കാര്‍ നടത്തുന്ന ഈ തട്ടിപ്പിന് ഗവര്‍ണ്ണര്‍ കൂട്ടുനില്‍ക്കരുതെന്നും സുധാകരന്‍ അഭ്യര്‍ത്ഥിച്ചു. ലോകായുക്തയുടെ അധികാരം കവര്‍ന്ന് അതിനെ തീരെ ദുര്‍ബലമാക്കി പൂര്‍വാധികം ശക്തിയായി അഴിമതി നടത്താനുള്ള ശ്രമമാണ് ഈ ഓര്‍ഡിനന്‍സിന് പിന്നില്‍. ജുഡീഷ്യറിയേപ്പോലും നോക്കുകുത്തിയാക്കുന്ന ഫാസിസ്റ്റ് ശൈലി അംഗീകരിക്കാന്‍ കഴിയില്ലെന്നും സുധാകരന്‍ പറഞ്ഞു.