‘പിണറായി സര്‍ക്കാർ നയങ്ങളുടെ രക്തസാക്ഷിയാണ് രാജീവ്, കര്‍ഷകരുടെ ന്യായമായ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നു’ : കെ സുധാകരന്‍ എംപി

Jaihind Webdesk
Tuesday, April 12, 2022

തിരുവല്ല നിരണത്ത് ആത്മഹത്യ ചെയ്ത കര്‍ഷകന്‍ രാജീവ് സംസ്ഥാന സര്‍ക്കാർ നയങ്ങളുടെ രക്തസാക്ഷിയാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കര്‍ഷകരുടെ ന്യായമായ അവകാശങ്ങള്‍ സര്‍ക്കാര്‍ നിഷേധിക്കുകയാണ്. പാടശേഖരം തരിശ് ഭൂമിയാക്കി ഇടരുതതെന്ന് ഇടതുപക്ഷ സര്‍ക്കാര്‍ കര്‍ഷകരോട് ആവര്‍ത്തിച്ച് പറയുന്നുണ്ട്. ആഗ്രഹിച്ചിട്ടല്ല ഗതികേട് കൊണ്ടാണ് കര്‍ഷകര്‍ പാടശേഖരം തരിശ് ഇടുന്നത്. അവരെ സഹായിക്കാത്ത സര്‍ക്കാരിന് എന്ത് അവകാശമാണ് പാടശേഖരം തരിശയായി ഇടരുതതെന്ന് പറയാന്‍. സില്‍വര്‍ലൈന് രണ്ടു ലക്ഷം കോടി മുടക്കുന്നു. പക്ഷേ കര്‍ഷകര്‍ക്ക് ഒന്നും നല്‍കുന്നില്ല. അവര്‍ക്ക് ബോണസില്ല, ഇന്‍ഷുറന്‍സില്ല. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് ശാശത്വ പരിഹാരം വേണമെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടു.

റീബില്‍ഡ് കേരള എന്ന പദ്ധതി സര്‍ക്കാര്‍ കൊണ്ട് വന്നു. അതിലും കര്‍ഷക അവഗണന തുടരുകയാണ്. കര്‍ഷകരെ എത് രീതിയില്‍ സഹായിക്കുമെന്ന് സര്‍ക്കാര്‍ പറയണം. കടം വാങ്ങിയ കര്‍ഷകരെ സര്‍ഫാസി നിയമം മൂലം ബുദ്ധിമുട്ടിക്കുകയാണ്. അവരുടെ വീട് ഒഴിപ്പിക്കുന്നു. സര്‍ക്കാര്‍ കാര്‍ഷികമേഖലയ്ക്ക് വേണ്ടിയൊന്നും ചെയ്യുന്നില്ല. സര്‍ക്കാര്‍ കര്‍ഷകരെ സംബന്ധിച്ചുള്ള തങ്ങളുടെ നയം വ്യക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.