‘സിപിഎമ്മും കോണ്‍ഗ്രസുമായുള്ള വോട്ട് വ്യത്യാസം വെറും 0.26 % മാത്രം’ ; 9 ല്‍ നിന്ന് 111 ലെത്തിയ ചരിത്രം കോണ്‍ഗ്രസിനുണ്ടെന്ന് ഓർമിപ്പിച്ച് കെ സുധാകരന്‍ എംപി

Jaihind Webdesk
Wednesday, May 12, 2021

നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയില്‍ നിരാശരാകാതെ കരുത്തോടെ ഒറ്റക്കെട്ടായി മുന്നേറണമെന്ന് പ്രവർത്തകരോട് കെ സുധാകരന്‍ എം.പി.  കേവലം 9 സീറ്റുകളില്‍ നിന്ന് 111 സീറ്റുകളില്‍ എത്തിയ ചരിത്രം കോണ്‍ഗ്രസിനുണ്ടെന്നത് മറക്കരുതെന്നും കെ സുധാകരന്‍ എം.പി ഫേസ്ബുക്കില്‍ കുറിച്ചു.  ഏതു പരാജയത്തിനും ഒരു തിരിച്ചുവരവിന്‍റെ പോരാട്ടമുണ്ട്. മനക്കരുത്തും ആത്മവിശ്വാസവും നിശ്ചയദാർഢ്യവുമാണ് ആവശ്യമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന് ലഭിച്ച വോട്ട് ശതമാനം 25. 38% വും കോൺഗ്രസിന് ലഭിച്ച വോട്ട് ശതമാനം 25.12 % വുമാണ്. സി.പി.എമ്മും കോൺഗ്രസും തമ്മിലുള്ള വ്യത്യാസം 0.26% വോട്ടിന്‍റെ ഭൂരിപക്ഷമാണ്. തികച്ചും ഒരു ശതമാനം പോലും ഇല്ലെന്നും കെ സുധാകരന്‍ ചൂണ്ടിക്കാട്ടി. ഇടതുപക്ഷത്തിനെതിരെ കോൺഗ്രസ് നടത്തിയ പോരാട്ടത്തിൽ ഒന്നിച്ചുനിന്ന കേരളത്തിലെ ജനാധിപത്യ മതേതര ശക്തികൾ ഇന്നും നമുക്കൊപ്പം ഉണ്ടെന്ന് ഓർക്കണമെന്നും അവരിൽ ആത്മവിശ്വാസം ഉണ്ടാക്കാൻ സാധിച്ചാൽ ചരിത്രം ഇനിയും ആവർത്തിക്കാമെന്നും സുധാകരന്‍ പറഞ്ഞു. പ്രിയ കോൺഗ്രസ് പ്രവർത്തകരോട് ഉള്ളിൽ തട്ടി രണ്ട് വാക്ക് എന്ന തലക്കെട്ടിലായിരുന്നു കെ സുധാകരന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.

 

കെ സുധാകരന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം :

 

പ്രിയ കോൺഗ്രസ് പ്രവർത്തകരോട് ഉള്ളിൽ തട്ടി രണ്ട് വാക്ക്!

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് പരാജയപ്പെട്ടിരിക്കുന്നു. ഈ പരാജയത്തിൽ നിങ്ങൾ വളരെയേറെ തളർന്ന് പോയിട്ടുണ്ടെന്ന് എനിക്കറിയാം. നിങ്ങൾ പ്രകടിപ്പിക്കുന്ന അതിരുകടന്ന ചില വികാരങ്ങൾ ഒരു പക്ഷെ ഈ തളർച്ചയുടെ പ്രതീകമാകാം. ഇതിൽ നിന്ന് നമ്മുക്കൊരു മോചനം വേണ്ടെ…

പ്രസ്ഥാനത്തെ പഴയ കരുത്തിലേക്ക് തിരിച്ച് കൊണ്ട് വരാൻ ദുർബലമായ മനസ്സ് സഹായകരമാവില്ലെന്ന് നമ്മുക്കറിയാം.

ഒരു കാര്യം ഞാൻ നിങ്ങളെ ഓർമ്മിപ്പിക്കാം. ഏത് പരാജയത്തിനും ഒരു തിരിച്ച് വരവിൻ്റെ പോരാട്ടമുണ്ട്. അതിന് ആദ്യം സംഭരിക്കേണ്ടത് മന കരുത്തും അതോടൊപ്പം ആത്മവിശ്വാസവുമാണ്. അതിനൊരു നിശ്ചയദാർഢ്യം അനിവാര്യമാണ്.

കേരളത്തിൻ്റെ കഴിഞ്ഞകാല രാഷ്ട്രീയ ചരിത്രം നിങ്ങൾ വിസ്മരിക്കരുത്. കേരള നിയമസഭയിലെ 9 അംഗങ്ങളിൽ നിന്ന് ആരംഭിച്ചതാണ് കോൺഗ്രസിൻ്റെ ഉയിർത്തെഴുന്നേൽപ്പ്. ലീഡർ ശ്രീ. കെ.കരുണാകരൻ്റെ നേതൃത്വത്തിൽ കേരള രാഷ്ട്രീയത്തിൽ പലരും തമാശയായി നോക്കിക്കണ്ട ആ തുടക്കം. 111 ൽ പരം സീറ്റുകളിൽ എത്തിച്ച കെ.കരുണാകരൻ്റെ മാന്ത്രിക സ്പർശം ! അൽഭുതതോടെ നോക്കി നിന്ന ഈ ഒരു ചരിത്രം നമ്മുക്ക് ഉണ്ട്. എങ്ങനെ നേടി ഈ നേട്ടം?

ഉറച്ച മനസ്സുകളുടെ പ്രതിബദ്ധതയുടെ പ്രവർത്തനത്തിൻ്റെ ഫലമാണ്.

ഇടതുപക്ഷത്തിനെതിരെ കോൺഗ്രസ് നടത്തിയ പോരാട്ടം- ആ പോരാട്ടത്തിൽ ഒന്നിച്ച് നിന്ന് കേരളത്തിലെ ജനാധിപത്യ മതേത്വര ശക്തികൾ. അവർ എല്ലാവരും ഇന്നും നമ്മോടൊപ്പം ഉണ്ടെന്ന് ഓർക്കുക. അവരിൽ ആത്മവിശ്വാസം ഉണ്ടാക്കാൻ നമ്മുക്ക് സാധിച്ചാൽ ചരിത്രം ഇനിയും നമ്മുക്ക് ആവർത്തിക്കാം.

ഈ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിന് ലഭിച്ച വോട്ട് ശതമാനം 25. 38% വും, കോൺഗ്രസ്സിന് ലഭിച്ച വോട്ട് ശതമാനം 25.12 % വും മാണ്. സി.പി.എമ്മും കോൺഗ്രസ്സും തമ്മിലുള്ള വ്യത്യാസം 0.26% വോട്ടിൻ്റെ ഭൂരിപക്ഷമാണ്. തികച്ചും ഒരു ശതമാനം പോലും ഇല്ലെന്ന് ഓർക്കണം. എന്തിന് നിങ്ങൾ വികാരഭരിതാരാവണം?

എന്തിന് നിങ്ങൾ നിരാശരാവണം? നമ്മുക്ക് കൈ മുതലാവേണ്ടത് ആത്മവിശ്വാസമാണ്. ഒറ്റക്കെട്ടായി എല്ലാം ഭിന്നതകളും മറന്ന് ഒന്നാകാൻ നമ്മുക്ക് സാധിച്ചാൽ കൈ എത്താവുന്ന ദൂരത്ത്, കൈപ്പിടിയിൽ ഒതുക്കുവാൻ ലക്ഷ്യം നമ്മെ കാത്തിരിക്കുന്നു .ഈ ഒറ്റ ചിന്തയിൽ എല്ലാം മനസ്സുകളും ഒന്നിക്കട്ടെ. ഈ ഒറ്റ ചിന്തയിൽ ആർക്കും തകർക്കാൻ സാധിക്കാത്ത ഒരു വൻമതിൽ നമ്മുക്ക് കെട്ടിപ്പൊക്കാം.

ഇതിന് ആവശ്യം ഐക്യമാണ്… ഒരു ഇതളും കൊഴിഞ്ഞ് പോവാത്ത ഐക്യം! പരസ്പര വിശ്വാസവും, സ്നേഹവും കൊണ്ട് മാത്രമേ ഒരു സംഘടനയ്ക്ക് അകത്ത് ഐക്യം ഉണ്ടാക്കാൻ സാധിക്കു, ഐക്യം കൊണ്ടേ മുന്നേറ്റമുണ്ടാക്കാൻ സാധിക്കു, മുന്നേറ്റം കൊണ്ടേ ശത്രുവിനെ തോൽപിക്കാൻ സാധിക്കു. ഇവിടെ പതറുകയല്ല നമ്മുക്ക് വേണ്ടത്, ഐക്യപ്പെട്ട സ്നേഹം പങ്ക് വെച്ച് ശക്തി നേടാനുള്ള പോരാട്ടമാണ് നമ്മുക്ക് അനിവാര്യം. വിദ്വേഷത്തോട് വിട പറയാൻ നമുക്ക് സാധിക്കണം! വിമർശനത്തിനോട് വിട പറയാൻ നമുക്ക് സാധിക്കണം, വെറുപ്പിനോട് വിട പറയാൻ നമുക്ക് സാധിക്കണം.

ഇത് ഉള്ളിൽ തട്ടി പറയുന്ന ഒരു അപേക്ഷയാണ്. സ്നേഹപൂർവ്വമുള്ള എൻ്റെ അപേക്ഷ.

പരാജയത്തിനോടനുബന്ധിച്ച് ഒരു പാട് വിമർശനങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത് ഞാൻ ശ്രദ്ധിച്ചു. സാമൂഹ്യബന്ധങ്ങളുടെ എല്ലാം അതിർ വരമ്പുകളും ലംഘിച്ച് ചില നേതാക്കൻമാർക്കെതിരെ നിങ്ങൾ നടത്തിയ വിമർശനങ്ങൾ.

വിമർശനങ്ങൾ നല്ലതാണ്. അത് ആരോഗ്യകരമാവണം ! തോറ്റ് നിൽക്കുന്ന ഒരു പാർട്ടിക്ക് ഗുണം ചെയ്യാത്ത ഒരു പാട് വിമർശനങ്ങൾ എന്നെ ഒരു പാട് നൊമ്പരപ്പെടുത്തി. അതിനെ വിമർശനമാണന്നോ അല്ല തെറി അഭിഷേകമാണന്നോ പറയേണ്ടത് എന്ന് എനിക്കറിയില്ല. ഏതായാലും വളരെ മോശമായിപ്പോയി. ഒരിക്കലും ഒരു പാർട്ടിക്കും ഗുണം ചെയ്യാത്ത വാക്കുകൾ ! സഭ്യതയുടെ എല്ലാം അതിർവരമ്പുകളും തകർത്തെറിഞ്ഞ പ്രയോഗങ്ങൾ ! ഒരിക്കലും ഉൾക്കൊള്ളാൻ സാധിക്കാത്ത ആശയങ്ങൾ ! ക്രൂരമായിരുന്നു പലരുടെയും അത്തരം പ്രതികരണങ്ങൾ.

ഒരു കാര്യം നിങ്ങൾ മറക്കരുത്, വിമർശിക്കപ്പെടുന്ന നേതാക്കൻ മാർക്കും അവരുടെതായ വ്യക്തിത്വമുണ്ട്. അവരുടെതായ അഭിമാനബോധം ഉണ്ടാകും. തെറ്റുകൾ ചൂണ്ടി കാണിക്കാം, അത് ആരുടെയും ആത്മാഭിമാനത്തെ മുറിപ്പെടുതാതെയാവണം. അവർക്കും കുടുംബങ്ങൾ ഇല്ലെ? അവരെ സ്നേഹിക്കാനും കുറെ ആളുകൾ ഇല്ലെ ?അവരുടെയൊക്കെ മനസ്സിനെ കീറി മുറിച്ച് നിങ്ങൾ നടത്തുന്ന തെറി അഭിഷേകം കോൺഗ്രസ് പാർട്ടിയെ ശക്തിപ്പെടുത്താനോ? അതോ ദുർബലമാക്കുവാനോ?

ഇതൊക്കെ പാർട്ടിയെ അശക്തമാക്കാനേ ഉപകരിക്കുകയുള്ളു എന്ന സത്യം നിങ്ങൾ ഉൾക്കൊള്ളണം. നിന്നിടം കുഴിക്കുന്ന ഈ പ്രവൃത്തി അവസാനിപ്പിക്കണം. സ്വയം കുഴിത്തോണ്ടുന്ന ഈ ശൈലി നമ്മുക്ക് വേണ്ടാ… ഇത് ഇവിടെ നിർത്തണം. സ്വയം തകരുന്ന, സ്വയം തകർക്കുന്ന ഈ ശൈലി ഇവിടെ അവസാനിപ്പിക്കണം.

മുന്നോട്ടുള്ള പ്രയാണത്തിലും, ശക്തമായ തിരിച്ചുവരവിനും വേണ്ട എല്ലാം ഊർജ്ജവും നമ്മുക്ക് ഉൾക്കൊള്ളാൻ ഒരു വലിയ മനസ്സിൻ്റെ ഉടമകളായി എൻ്റെ പ്രിയപ്പെട്ട സഹപ്രവർത്തകർ മാറണം.

നിങ്ങൾ എന്നെ സ്നേഹിക്കുന്നുവെന്ന് എനിക്കറിയാം. നിങ്ങളുടെ സുഖത്തിലും, ദു:ഖത്തിലും നിങ്ങളോടൊപ്പം ഞാനുണ്ടെന്ന് നിങ്ങൾക്ക് ഉറപ്പുണ്ട് ! ആർക്കും അലിയിച്ച് കളയാൻ സാധിക്കാത്ത നമ്മുടെ ബന്ധത്തിൻ്റെ ബലത്തിൽ ഞാനൊന്ന് ഉപദേശിച്ചോട്ടെ ?

എന്നെ സ്നേഹിച്ചോളു.. പക്ഷെ ആരെയും വെറുക്കരുത്. മറ്റുള്ളവരെ വെറുക്കുന്ന മനസ്സിൻ്റെ സ്നേഹം ഉൾക്കൊള്ളാൻ എനിക്കാവില്ല.

സമൂഹമാധ്യമങ്ങളിൽ ആരെയും വേദനിപ്പിക്കുന്ന ഒരു പ്രയോഗവും ഇനി അങ്ങോട്ട് എന്നെ സ്നേഹിക്കുന്ന ഒരാളിൽ നിന്നും ഉണ്ടാവരുത്. ബന്ധങ്ങളുടെ ബലക്ഷയം നമ്മെ അശ്കതരാക്കും എന്ന് കാര്യം നമ്മൾ മറക്കരുത്.

ആരുടെയും മനസ്സ് വേദനിപ്പിക്കാനല്ല ഇത് എഴുതിയത്. നമ്മുക്ക് തിരിച്ച് വരണം. ആ ലക്ഷ്യം സാർത്ഥകമാകണമെങ്കിൽ എല്ലാവരും ഒരു കരുത്തിൽ ഒന്നിക്കണം.

കോവിഡ് മഹാമാരിയുടെ നിഴലിൽ ഭയാശങ്കകളോടെ കഴിയുന്ന ഈ കാലഘട്ടത്തിൽ കരുതലോടെ ജീവിക്കാൻ എല്ലാവരും ശ്രമിക്കണം.

എല്ലാർക്കും ഭാവുകങ്ങൾ… എല്ലാവർക്കും ആശംസകൾ…