‘ആ കസേരയില്‍ ഒരു കെ റെയില്‍ കല്ലെങ്കിലും കുത്തിവെക്കണം’: സമാധാനജീവിതത്തിനായി ജനം നാടുവിടേണ്ട അവസ്ഥയെന്ന് കെ സുധാകരന്‍ എംപി

 

പിണറായി ഭരണത്തില്‍ സമാധാനമായി ജീവിക്കാന്‍ ജനങ്ങള്‍ക്ക് നാടുവിടേണ്ട അവസ്ഥയെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എം.പി. പിണറായി എന്ന ഭരണകര്‍ത്താവ് സമ്പൂർണ്ണ പരാജയമാണെന്ന് പറയാന്‍ ഒരു മുഴുവന്‍ പേജ് ഒഴിച്ചിടേണ്ട അവസ്ഥയാണെന്നും അദ്ദേഹം പരിഹസിച്ചു. പാവങ്ങളുടെ നെഞ്ചത്ത് കുത്തുന്ന കെ റെയില്‍ കുറ്റികളില്‍ ഒന്ന് ആഭ്യന്തരമന്ത്രിക്കസേരയില്‍ കുത്തിവെക്കാന്‍ പാര്‍ട്ടി സെക്രട്ടറി കോടിയേരി തന്നെ മുന്‍കൈ എടുക്കണമെന്നും അവിടൊരു കല്ലെങ്കിലും ഉണ്ടെന്ന് ജനങ്ങള്‍ക്ക് തോന്നട്ടെയെന്നും കെപിസിസി പ്രസിഡന്‍റ് ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം:

 

ലോകസമാധാനത്തിന് ബജറ്റിൽ 2 കോടി രൂപ മാറ്റിവെച്ച നാട്ടിൽ, സമാധാനമായി ജീവിക്കാൻ ജനങ്ങൾ നാടുവിടേണ്ട അവസ്ഥയാണ്.
ആഭ്യന്തര മന്ത്രിക്കസേരയിൽ ഒരുവടിയെങ്കിലും കുത്തിവെയ്ക്കാൻ ഞങ്ങൾ ഒരുപാട് കാലമായി ആവശ്യപ്പെടുന്നതാണ്. പിണറായി വിജയനെന്ന ഭരണകർത്താവ് സമ്പൂർണ പരാജയം ആണെന്ന് വസ്തുതാപരമായി പറയാൻ മാത്രം, ഓരോ ദിനവും കേരളത്തിലെ പത്രങ്ങൾ ഒരു പേജ് ഒഴിച്ചിടേണ്ട അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു.
എന്തിനാണ് ഇങ്ങനെയൊരു ഭരണം? എന്തിനാണ് ഇങ്ങനെയൊരു മന്ത്രി? മാന്യമായി ജീവിക്കുന്നവരുടെ കിടപ്പാടം പിടിച്ചു പറിക്കാനും, ക്രിമിനലുകളെ അഴിഞ്ഞാടാൻ അനുവദിച്ചു ജനങ്ങളുടെ ജീവിതം ദു:സ്സഹമാക്കാനും മാത്രം കഴിയുന്നൊരു ഭരണം.
പാവപ്പെട്ടവരുടെ നെഞ്ചത്ത് കുത്തുന്ന കെ റയിൽ കുറ്റികൾ, ആഭ്യന്തര മന്ത്രിക്കസേരയിൽ കുത്തി വയ്ക്കാൻ പാർട്ടി സെക്രട്ടറി കോടിയേരി തന്നെ മുൻകൈ എടുക്കണം. അവിടൊരു കല്ലെങ്കിലും ഇരിപ്പുണ്ടെന്ന് ജനങ്ങൾക്ക് തോന്നട്ടെ.

Comments (0)
Add Comment