കുവൈറ്റും ഇന്ത്യയും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിച്ച് വിമാന സർവ്വീസ് പുനഃരാരംഭിക്കണം : കെ.സുധാകരൻ എം.പി

Jaihind News Bureau
Saturday, August 1, 2020

കുവൈറ്റും ഇന്ത്യയും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിച്ച് മുടങ്ങിക്കിടക്കുന്ന വിമാന സർവ്വീസ് അടിയന്തിരമായി പുനഃരാരംഭിക്കണമെന്ന്
കെ.സുധാകരൻ എം.പി ആവശ്യപ്പെട്ടു. കുവൈറ്റിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും സർവ്വീസ് നടത്താൻ പ്രൈവറ്റ് ചാർട്ടേർഡ് വിമാന കമ്പനികൾക്കും വന്ദേഭാരത് മിഷൻ ഫ്ലൈറ്റുകൾക്കും അനുമതി നൽകാത്തത് നൂറുകണക്കിന് ഇന്ത്യക്കാരെ പ്രതിസന്ധിയിലാക്കിയിക്കുകയാണ്. കൊവിഡിന്‍റെ യാത്ര നിയന്ത്രണങ്ങൾക്ക് മുമ്പ് കുവൈറ്റിൽ നിന്നും നാട്ടിലേക്ക് അവധിക്കായി എത്തിയ അനേകം ഇന്ത്യക്കാർ പ്രത്യേകിച്ച് മലയാളികള്‍ ഉൾപ്പെടെ കുവൈറ്റിലെ മിനിസ്ട്രി ഓഫ് ഹെൽത്ത് സർവ്വീസിൽ ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ തിരികെ ജോലിക്ക് പ്രവേശിക്കുവാനാവാതെ കഷ്ടത അനുഭവിക്കുകയാണ്.

ഇരു രാജ്യങ്ങളും തമ്മിലുള്ള വിമാന സർവ്വീസിന് നിലവിൽ അനുമതി കൊടുക്കാത്തതിനാൽ ഗർഭിണികളും മറ്റ് മെഡിക്കൽ എമർജൻസി ആവശ്യങ്ങൾക്കായി നാട്ടിലെത്തേണ്ടുന്നവരും ജോലി നഷ്ടപ്പെട്ടവരും ഉൾപ്പെടെ കുവൈറ്റിൽ നിന്നും അനേകം ഇന്ത്യക്കാരാണ് അടിയന്തിര സാഹചര്യങ്ങളിൽ പോലും തിരികെ നാട്ടിലെത്താൻ കഴിയാതെ വലയുന്നത്.

അടിയന്തര പ്രാധാന്യത്തോടെ കുവൈറ്റ് ഗവൺമെന്‍റുമായി ഈ വിഷയങ്ങൾ ചർച്ച ചെയ്യണമെന്നും പ്രശ്നപരിഹാരം കണ്ടെത്തണമെന്നും വിദേശകാര്യ വകുപ്പ് മന്ത്രി ഡോ.എസ് ജയശങ്കറിനും കുവൈറ്റിലെ ഇന്ത്യൻ സ്ഥാനപതിക്കും കെ സുധാകരൻ എംപി കത്തയച്ച് ആവശ്യപ്പെട്ടു.