വാരിയംകുന്നന് താലിബാന്‍ പ്രതിച്ഛായ ചാര്‍ത്തുന്നത് ക്രൂരം ; ചരിത്രത്തെ വികലമാക്കുന്നവരോടും വിഭജിച്ചു ഭരിക്കുന്നവരോടും സമരസപ്പെടില്ല : കെ.സുധാകരന്‍ എം.പി

Jaihind Webdesk
Wednesday, August 25, 2021

തിരുവനന്തപുരം : ധീരസ്വാതന്ത്ര്യസമര സേനാനിയായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്ക് താലിബാന്‍ പ്രതിച്ഛായ ചാര്‍ത്തുന്നത് ക്രൂരമെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എം.പി. ഒരു മനസും ഉള്‍ക്കൊള്ളാനാകാത്ത അര്‍ധസത്യങ്ങളാണ് സംഘപരിവാർ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഭാരതചരിത്രത്തില്‍ സ്വന്തം ഇടമില്ലാത്ത സംഘപരിവാർ ഗാന്ധിയേയും നെഹ്റുവിനേയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ തന്നെയും ഇല്ലാതാക്കാന്‍ ശ്രമിച്ചാല്‍ അതില്‍ അദ്ഭുതപ്പെടാനില്ല. സ്വാതന്ത്ര്യസമര സേനാനികളോട് കടപ്പെട്ടിരിക്കുന്നതാണ് നമ്മുടെ നാട്. സമരമുഖത്ത് തീക്ഷ്ണമായ പോരാട്ടം നടത്തിയ നിരവധി സ്വാതന്ത്ര്യസമര സേനാനികളുടെ സംഭാവനയാണ് ഇന്ത്യയുടെ സ്വാതന്ത്ര്യം.

മനസിന്‍റെ ഉള്ളില്‍ നിന്നും ഉയർന്നുവരുന്ന ദേശസ്നേഹത്തെ അടിച്ചമർത്താനോ ഇല്ലാതാക്കാനോ ഒരു സംഘപരിവാറിനും സാധിക്കാത്ത സമരചരിത്രത്തിന്‍റെ പാരമ്പര്യമാണ് നമ്മുടെ അസ്ഥിത്വം. ചരിത്രത്തെ വികലമാക്കുന്നവരോടും വിഭജിച്ചു ഭരിക്കുന്നവരോടും ഒരുകാരണവശാലും സമരസപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.