പിആര്‍ഡി അഴിമതിയും മുഖ്യമന്ത്രിയുടെ ഓഫീസിലെ പങ്കും ഉടന്‍ അന്വേഷണം വേണമെന്ന് കെ. സുധാകരന്‍ എംപി

 

കണ്ണൂര്‍: പിആര്‍ഡി അഴിമതിയും മുഖ്യമന്ത്രിയുടെ ഓഫീസിലെ പങ്കും ഉടന്‍ അന്വേഷണം വേണമെന്ന് കെ. സുധാകരന്‍ എംപി. പിണറായി വിജയന്‍റെ മുഖംമിനുക്കാനായി കോടികള്‍ ചെലവിട്ട് സംഘടിപ്പിച്ച നവകേരള സദസ്, എന്റെ കേരളം പദ്ധതികളുടെ നടത്തിപ്പില്‍ വലിയ തട്ടിപ്പ് നടന്നതായും അതില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രധാനി മുഖ്യപങ്കുവഹിച്ചുവെന്നുമുള്ള മാധ്യമ റിപ്പോര്‍ട്ടിന്മേല്‍ അടിയന്തര അന്വേഷണം നടത്തണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ എംപി ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ 23 കോടി രൂപ നല്കിയ എന്‍റെ കേരളം പദ്ധതി, കണക്കുകള്‍ വെളിപ്പെടുത്താതെ നടത്തിയ നവകേരള സദസ് എന്നീ പരിപാടികള്‍ സജീവ സംപ്രേഷണം ചെയ്യാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്‍റെ മകന്‍റെ സ്ഥാപനത്തിന് നല്കിയതിലെ ക്രമക്കേടാണ് പുറത്തുവന്നത്. ക്വട്ടേഷനോ ടെണ്ടറോ ഇല്ലാതെയാണ് ഈ ജോലികള്‍ ഇവര്‍ക്ക് നല്കിയത്. പിണറായി സര്‍ക്കാരിന്‍റെ നിരവധി പിആര്‍ ജോലികള്‍ ഈ സ്ഥാപനത്തിനാണ് നല്കിയതെന്ന് പരസ്യ ഏജന്‍സികള്‍ പരാതിപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ് വന്‍വിവാദമായ നവകേരള സദസ് നടത്തിയത്. നിരവധി ആരോപണങ്ങളാണ് ഈ പരിപാടികളെക്കുറിച്ച് ഉയര്‍ന്നത്.

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി മുതല്‍ പൊളിറ്റിക്കല്‍ സെക്രട്ടറി വരെ ആരോപണങ്ങള്‍ നേരിട്ടു. പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയില്‍വാസവും അനുഭവിച്ചു. പൊളിറ്റിക്കല്‍ സെക്രട്ടറിക്കെതിരേ ഭരണകക്ഷി എംഎല്‍എ ഞെട്ടിപ്പിക്കുന്ന ആരോപണങ്ങളാണ് ഉയര്‍ത്തിയത്. അതോടൊപ്പമാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ മൂന്നാമനെതിരേ ആരോപണം ഉയരുന്നത്. മുഖ്യമന്ത്രിയുടെ മൂക്കിനു താഴെ നടക്കുന്ന അഴിമതികളില്‍ അന്വേഷണം നടത്തി നിജസ്ഥിതി ജനങ്ങളെ അറിയിക്കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു.

Comments (0)
Add Comment