പാലത്തായി കേസ് അട്ടിമറിച്ചതിന് പിന്നില്‍ സി.പി.എം ; മറുപടി പറയണമെന്ന് കെ സുധാകരൻ എം.പി

 

പാലത്തായിലെ പോക്സോ കേസ് പൊലീസ് അട്ടിമറിച്ചതിന് പിന്നിൽ സി.പി.എം നേതൃത്വമെന്ന്  കെ സുധാകരൻ എം.പി. പിണറായി വിജയൻ ആഭ്യന്തര മന്ത്രിയായിരിക്കെ കേസ് അട്ടിമറിക്കാൻ ഭരണ സ്വാധീനം ഉപയോഗിച്ചത് സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് കൊണ്ടാണെന്നും കെ സുധാകരന്‍ എം.പി പറഞ്ഞു.

പോക്സോ വകുപ്പ് ഒഴിവാക്കിയാണ് ക്രൈംബ്രാഞ്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കേസിലെ പ്രതിയായ ബി.ജെ.പി നേതാവ് കുനിയിൽ പത്മരാജന് എളുപ്പത്തിൽ ജാമ്യം ലഭിക്കാവുന്ന തരത്തിലാണ് പൊലീസ് കുറ്റപത്രം തയാറാക്കിയത്. പരാതി നൽകിയിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാതെ മെല്ലെപ്പോക്ക് നയമാണ് പൊലീസും സർക്കാറും തുടക്കത്തിൽ സ്വീകരിച്ചത്. പ്രതിപക്ഷത്തിൻ്റെ ശക്തമായ സമരത്തെ തുടർന്നാണ് പ്രതിയെ പോലിസ് അറസ്റ്റ് തന്നെ ചെയ്തത്.പോക്സോ കേസിന് ആധാരമായ കുറ്റകൃത്യം നടന്നിട്ടുണ്ടെന്ന് വ്യക്തമായിട്ടും കുട്ടിയുടെ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്ന് വാദിക്കാനാണ് മന്ത്രി കെ.കെ ഷൈലജ  ഉൾപ്പെടെയുള്ള സി.പി.എം നേതാക്കൾ ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സമാനമായ കേസുകളില്‍ മുമ്പും ഇത്തരത്തില്‍ ഇടതു സർക്കാർ പ്രതികളെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വാളയാർ കേസിലും പ്രതികൾക്ക് വേണ്ടി ഭരണകൂടം ഇടപെട്ടത് കേരളം കണ്ടതാണ്. വാളയാർ കേസിൽ കുറ്റാരോപിതരുടെ അഭിഭാഷകനെ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാനാക്കിയും പാർട്ടിയുടെ അടുപ്പക്കാരനെ പ്രോസിക്യൂട്ടറായി നിയമിച്ചും കേസ് അട്ടിമറിക്കാനാണ് പിണറായി സർക്കാർ ശ്രമിച്ചത്. അധികാരത്തിലെത്തുമ്പോള്‍ പാവപ്പെട്ടവരെ ചവിട്ടിത്തേക്കുന്ന അതിക്രൂരന്മാരായ ഭരണാധികാരികളാണ് പിണറായിയും സി.പി.എം നേതാക്കളും. ഒരു സ്ത്രീ പീഡനക്കേസിലും സി.പി.എം ഇരയോട് നീതി പുലർത്തിയിട്ടില്ലെന്നും വേട്ടക്കാര്‍ക്കൊപ്പമാണെന്നും കെ സുധാകരൻ എം.പി കുറ്റപ്പെടുത്തി.

പിണറായി സർക്കാരിന്‍റെ കാലത്ത് പിഞ്ചുകുട്ടികൾക്ക് പോലും രക്ഷയില്ലാത്ത അവസ്ഥയാണുള്ളത്. പാലത്തായി കേസിലൂടെ ഇരയൊടൊപ്പമുണ്ടന്ന് നടിക്കുകയും, വേട്ടക്കാരന്‍റെയൊപ്പം നടക്കുകയും ചെയ്യുന്ന സർക്കാരാണ് പിണറായി സർക്കാറെന്ന് ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുകയാണെന്നും കെ സുധാകരൻ എം.പി പ്രസ്താവനയിൽ പറഞ്ഞു.

Comments (0)
Add Comment