കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റികള്‍ക്ക് തുടക്കമായി; പാർട്ടി പൂർവാധികം ശക്തിയോടെ തിരിച്ചുവരുമെന്ന് കെ സുധാകരന്‍ എംപി

 

പാലക്കാട് : കോൺഗ്രസിന്‍റെ ചരിത്രത്തിൽ ആദ്യമായുള്ള യൂണിറ്റ് കമ്മിറ്റികൾക്ക് പാലക്കാട്‌ തുടക്കം കുറിച്ചു. ആറ്റശേരി ഇറക്കിങ്ങൽ യൂണിറ്റ് കെപിസിസി പ്രസിഡന്‍റ്‌ കെ. സുധാകരൻ എംപി രൂപീകരിച്ചുകൊണ്ട് യൂണിറ്റ് കമ്മിറ്റിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. കോൺഗ്രസ് പൂർവാധികം ശക്തിയോടെ തിരിച്ചു വരുമെന്നും കെ സുധാകരൻ എംപി പറഞ്ഞു.

ബൂത്ത് കമ്മിറ്റികൾക്ക് കീഴെയുള്ള കോൺഗ്രസിന്‍റെ അടിസ്ഥാന ഘടകമായ യൂണിറ്റ് കമ്മിറ്റികൾക്ക് ആണ് പാലക്കാട്‌ തുടക്കം കുറിച്ചത്. ഒരോ ബൂത്ത് കമ്മറ്റിക്ക് കീഴിലും കുറഞ്ഞത് 5 യൂണിറ്റ് കമ്മിറ്റികൾ എങ്കിലും രൂപീകരിക്കും. 20 മുതൽ 30 വരെ ഉള്ള വീടുകൾ ഉൾകൊള്ളുന്നതാണ് കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികൾ. ആറുമാസത്തിനകം ഒരു ലക്ഷം കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികൾ രൂപീകരിക്കുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി പറഞ്ഞു. സംസ്ഥാനത്തെ ആദ്യ യൂണിറ്റ് കമ്മിറ്റിയായി കരിമ്പുഴ ആറ്റശേരി ഇറക്കിങ്ങൽ യൂണിറ്റ് മാറി. കോൺഗ്രസിന്‍റെ അസ്ഥിത്വം ശക്തിപ്പെടുത്തി പാർട്ടിയെ പൂർവാധികം ശക്തിയോടെ തിരിച്ചു കൊണ്ടുവരുമെന്ന് കെ സുധാകരൻ എംപി പറഞ്ഞു

പ്രസിഡന്‍റ്, സെക്രട്ടറി, ട്രഷറർ, രണ്ട് ബൂത്ത് കമ്മിറ്റി പ്രതിനിധികൾ, എല്ലാ കോൺഗ്രസ് അനുകൂല വീട്ടിൽ നിന്നും ഒരോ എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ അടങ്ങിയതാണ് യൂണിറ്റ് കമ്മിറ്റി. ബൂത്ത് കമ്മിറ്റികൾ തെരഞ്ഞെടുപ്പ് കാലത്താണ് കൂടുതലായി സജീവമാകാറുള്ളത്. യൂണിറ്റ് കമ്മിറ്റികൾ വരുന്നതോടെ സംഘടനാ സംവിധാനം കൂടുതൽ ശക്തിപ്രാപിക്കുമെന്നാണ് വിലയിരുത്തൽ. കരിമ്പുഴയിലെ വീട്ടമ്മമാർ നെയ്തെടുത്ത ചർക്കാങ്കിത ത്രിവർണ പതാക യൂണിറ്റ് കമ്മിറ്റികൾക്ക് ചടങ്ങിൽ വിതരണം ചെയ്തു.

ഡിസിസി പ്രസിഡന്‍റ്‌ എ തങ്കപ്പൻ അധ്യക്ഷത വഹിച്ചു. എഐസിസി സെക്രട്ടറി പി.വി മോഹൻ, കെപിസിസി വർക്കിംഗ് പ്രസിഡന്‍റുമാരായ കൊടിക്കുന്നിൽ സുരേഷ്, പി.ടി തോമസ് എംഎൽഎ, എംപിമാരായ വി.കെ ശ്രീകണ്ഠൻ, രമ്യ ഹരിദാസ്, പി ഹരിഗോവിന്ദൻ മാസ്റ്റർ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.

Comments (0)
Add Comment