ഒരേ മനസോടെ, ഒറ്റക്കെട്ടായി ; കോണ്‍ഗ്രസിന് തിരിച്ചുവരാന്‍ അധികം സമയം വേണ്ടെന്ന് കെ സുധാകരന്‍ എം.പി

Jaihind Webdesk
Wednesday, June 16, 2021

തിരുവനന്തപുരം : കോണ്‍ഗ്രസിനോളം ആശയപരമായ അടിത്തറയുള്ള ഒരു രാഷ്‌ട്രീയ പാര്‍ട്ടി ഇന്ത്യയില്‍ മാത്രമല്ല, ലോക ചരിത്രത്തില്‍ത്തന്നെയില്ലെന്നു കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എം.പി.വിവിധ മതങ്ങളെയും ഭാഷയെയും സംസ്കാരങ്ങളെയും ഉള്‍ക്കൊണ്ട് നാനാത്വത്തില്‍ ഏകത്വം സമന്വിയിപ്പിച്ച പാരമ്പര്യമാണ് കോണ്‍ഗ്രസിനുള്ളത്. ഈ പാരമ്പര്യം ഉള്‍ക്കൊണ്ട്, എല്ലാവരെയും ഒരുമിച്ചു നിര്‍ത്തി കോണ്‍ഗ്രസിനെ സംസ്ഥാനത്തെ ഏറ്റവും വലിയ രാഷ്‌ട്രീയ പാര്‍ട്ടിയാക്കുകയാണ് തന്‍റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. മുഴുവന്‍ നേതാക്കളും പ്രവര്‍ത്തകരും ഏകമനസോടെ ഒപ്പം നിന്നാല്‍ ഈ ലക്ഷ്യത്തിലെത്താന്‍ കോണ്‍ഗ്രസിന് അധികം സമയം വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

കെപിസിസിയുടെ അധ്യക്ഷനായി ചുമതലയേറ്റ ശേഷം, കെപിസിസി ആസ്ഥാനത്തു നടന്ന സമ്മേളനത്തില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. താന്‍ കെപിസിസി പ്രസിഡന്‍റായി നിയോഗിക്കപ്പെട്ടശേഷം വലിയ പ്രതീക്ഷയാണ് എല്ലാവരും വെച്ചുപുലര്‍ത്തുന്നത്. അതുണ്ടാക്കുന്ന വെല്ലുവിളിയില്‍ ആശങ്കയുമുണ്ട്. എന്നാല്‍, പാര്‍ട്ടിയെ സ്നേഹിക്കുന്ന മുഴുവന്‍ ആളുകളും ഏകമനസോടെ പ്രവര്‍ത്തിക്കാന്‍ തയാറായാല്‍ കോണ്‍ഗ്രസിനെ പഴയ പ്രതാപത്തിലെത്തിക്കാന്‍ കൂടുതല്‍ സമയം വേണ്ട.

അടുത്ത അഞ്ചു വര്‍ഷം കേരളത്തിലെ പാര്‍ട്ടിക്ക് അധികാരത്തെക്കുറിച്ചല്ല ആലോചന. താഴേത്തട്ടിലേക്ക് പാര്‍ട്ടിയെ വളര്‍ത്തിയെടുക്കുകയാണ്. നേതൃത്വത്തിലുള്ള എല്ലാവരുമായും ആലോചിച്ച്, പാര്‍ട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ടു പോകും. സ്ഥാനമോഹങ്ങള്‍ക്കല്ല, പ്രവര്‍ത്തന മികവിന് പ്രാമുഖ്യം നല്‍കുമെന്നും സുധാകരന്‍ പറഞ്ഞു. കെപിസിസി ഭാരവാഹിത്വവും ഡിസിസി നേതൃത്വവും മറ്റ് ഭാരവാഹിത്വവുമൊക്കെ ആഗ്രഹിക്കുക സ്വാഭാവികം മാത്രമാണ്. പക്ഷേ, അതിനുള്ള പ്രവര്‍ത്തന സന്നദ്ധത കൂടി പരിഗണിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

താനടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ ആര്‍എസ്എസ്- ബിജെപി ബന്ധം ആരോപിക്കുന്ന സിപിഎം നിലപാട് ഇരട്ടത്താപ്പാണ്. ആര്‍എസ്എസിന്‍റെയും ബിജെപിയുടെയും വോട്ട് വാങ്ങുകയും ഒന്നിച്ചു പ്രവര്‍ത്തിച്ച് എംഎല്‍എ ആവുകയും ചെയ്ത ആളാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍. അദ്ദേഹത്തിന് തന്‍റെ രാഷ്‌ട്രീയ പാരമ്പര്യത്തെക്കുറിച്ച് ഒന്നുമറിയില്ല. അമ്പലത്തെയും പള്ളിയെയും മോസ്കിനെയുമൊന്നും വിശ്വാസമില്ലാത്തവരാണ് ഇപ്പോള്‍ അവരുടെയൊക്കെ സംരക്ഷകരായി നടക്കുന്നത്. ന്യൂനപക്ഷ പ്രീണനത്തിലൂടെ വോട്ട് നേടിയതു കൊണ്ടാണ് നേരിയ ഭൂരിപക്ഷത്തില്‍ പിണറായി വിജയന്‍ അധികാരത്തിലെത്തിയത്. അതും വളരെ നേരിയ വ്യത്യാസത്തില്‍.

താനടക്കമുള്ള പുതിയ നേതൃത്വം കോണ്‍ഗ്രസിലുണ്ടാകുമ്പോള്‍ സിപിഎമ്മിനു ഭയമാണ്. അവര്‍ കൂടുതല്‍ ഭയക്കണം. കോണ്‍ഗ്രസിന് വര്‍ഗീയതയില്ല. ജനങ്ങളെ ജാതീയമായി ഭിന്നിപ്പിക്കുകയുമില്ല. എല്ലാവരെയും ഒരുമിച്ച് നിര്‍ത്തി, എല്ലാവരോടും സഹവര്‍ത്തിത്തോടെ പെരുമാറുന്നതാണ് കോണ്‍ഗ്രസിന്‍റെ രീതി. സിപിഎമ്മിന്‍റെ കാപട്യം ജനങ്ങള്‍ക്കു മുന്നില്‍ തുറന്നു കാട്ടി, മതേതര ജനാധിപത്യ സംസ്കാരത്തെ കേരളത്തില്‍ തിരികെയെത്തിക്കുന്നതാണ് കോണ്‍ഗ്രസിന്‍റെ പ്രധാന ലക്ഷ്യമെന്നും സുധാകരന്‍ പറഞ്ഞു.

എഐസിസി സെക്രട്ടറി പി.സി വിഷ്ണുനാഥ് എം‌എല്‍എ സ്വാഗതം പറഞ്ഞു. സ്ഥാനമൊഴിഞ്ഞ പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍, എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ കെപിസിസി പ്രസിഡന്‍റ് കെ മുരളീധരന്‍ എംപി, വര്‍ക്കിംഗ് പ്രസിഡന്‍റുമാരായ കൊടിക്കുന്നില്‍ സുരേഷ് എംപി, പി.ടി. തോമസ് എംഎല്‍എ, ടി. സിദ്ദിഖ് എംഎല്‍എ തുടങ്ങിയവര്‍ പ്രസംഗിച്ചു.