‘ആരോപണവിധേയരെ കുടിയിരുത്താനുള്ള സ്ഥലമാണോ പൊലീസ് ആസ്ഥാനം? അടിച്ചമര്‍ത്തിയാല്‍ തളരുന്നതല്ല കോണ്‍ഗ്രസ് വീര്യം’

Jaihind Webdesk
Thursday, November 25, 2021

 

തിരുവനന്തപുരം : ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ആലുവയിലെ നിയമവിദ്യാര്‍ത്ഥിനിയെ ആത്മഹത്യയിലേക്ക് നയിച്ച സിഐ സുധീറിനെ സര്‍വീസില്‍ നിന്ന് പുറത്താക്കണം എന്നാവശ്യപ്പെട്ട് നടത്തിയ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ നോക്കിയാല്‍ തളരുന്നതല്ല കോണ്‍ഗ്രസ് വീര്യമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. ഈ ധര്‍മ്മസമരത്തില്‍ ആത്യന്തിക വിജയം കോണ്‍ഗ്രസ് നേടുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

സത്യത്തിനും നീതിക്കും വേണ്ടിയുള്ള കോണ്‍ഗ്രസിന്‍റെ പോരാട്ടം ജലപീരങ്കിയിലും ഗ്രനേഡിലും ലാത്തിച്ചാര്‍ജിലും ഒലിച്ച് പോകുകയില്ലെന്ന് കെ സുധാകരന്‍ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് സിഐക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന് ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ട് വന്നപ്പോള്‍‌ പൊലീസ് ആസ്ഥാനത്ത് നിയമനം നല്‍കി ആദരിക്കുകയാണു പിണറായി സര്‍ക്കാര്‍ ചെയ്തത്. ആരോപണവിധേയരെ കുടിയിരുത്താനുള്ള സ്ഥലമാണോ പോലീസ് ആസ്ഥാനമെന്ന് അദ്ദേഹം ചോദിച്ചു.

പാമ്പിനെ കടിപ്പിച്ച് കൊന്ന ഉത്രയുടെയും മോഫിയുടെയും മരണത്തിന് ഈ ഉദ്യോഗസ്ഥന്‍ ഉത്തരവാദിയാണ്. നിരവധി പേര്‍ ഇയാള്‍ക്കെതിരെ പരാതിയുമായി രംഗത്തുവന്നു. ക്രമസമാധാനപാലന ചുമതലയില്‍ നിന്ന് ഇയാളെ മാറ്റി നിര്‍ത്തണമെന്ന ശുപാര്‍ശപോലും ആഭ്യന്തര വകുപ്പ് കാറ്റില്‍ പറത്തി. പോലീസ് സേനയിലെ ഇത്തരം പുഴുക്കുത്തുകളെ രാഷ്ട്രീയ പരിഗണനവെച്ച് മുഖ്യമന്ത്രി സംരക്ഷിക്കുകയാണ്. ഇവരെ സംരക്ഷിക്കുക വഴി മുഖ്യമന്ത്രി നല്‍കുന്ന സന്ദേശം സിപിഎം സത്രീപക്ഷത്തല്ലെന്ന് തന്നെയാണെന്നും കെ സുധാകരന്‍ പറഞ്ഞു.

സ്ത്രീ സുരക്ഷക്കായി വാതോരാതെ പ്രസംഗിക്കുകയും മതിലുകള്‍ നിര്‍മ്മിക്കുകയും ചെയ്ത പിണറായി ഭരണത്തില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ പെരുകുകയാണ്. ഇരകള്‍ക്കൊപ്പമല്,ല വേട്ടക്കാര്‍ക്കൊപ്പമാണ് സര്‍ക്കാരും ഭരണസംവിധാനവുമെന്ന് ഓരോ സംഭവും തെളിയിക്കുന്നു. ഈ വര്‍ഷം മാത്രം 11,124 കേസുകളാണ് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ പേരില്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 3252 കേസുകളും ഗാര്‍ഹിക പീഡനത്തെ തുടര്‍ന്നാണ്. ഈ വര്‍ഷം 8 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പിണറായി സര്‍ക്കാരിന്‍റെ കീഴില്‍ സ്ത്രീകള്‍ ഒട്ടും സുരക്ഷിതരല്ല എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.