കണ്ണൂര്‍: യുഡിഎഫിന് ഭൂരിപക്ഷമുള്ള സംസ്ഥാന കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെ ഭരണസമിതി പിരിച്ചുവിട്ട നടപടി റദ്ദുചെയ്ത ഹൈക്കോടതി വിധി സ്വാഗതാര്‍ഹമാണെന്നും ഇത് ജനാധിപത്യത്തിന്‍റെ വിജയമാണെന്നും കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി.
യുഡിഎഫിന് ഭൂരിപക്ഷമുള്ള ബാങ്കിന്‍റെ ഭരണസമിതിക്ക് നാലുവര്‍ഷം കൂടി കാലാവധി നിലനില്‍ക്കെയാണ് പിരിച്ചുവിട്ട് സിപിഎം പ്രതിനിധികളുടെ മൂന്ന് അംഗ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ നിയോഗിച്ചത്. സഹകരണ ജനാധിപത്യ വിരുദ്ധ നടപടി സ്വീകരിച്ച പിണറായി സര്‍ക്കാരിന്‍റെ മുഖത്തേറ്റ കനത്ത പ്രഹരമാണ് ഹൈക്കോടതി വിധി.
വാര്‍ഷിക ബജറ്റ് അവതരിപ്പിക്കുന്ന പൊതുയോഗം കരുതിക്കൂട്ടി ഇടതുപക്ഷ പ്രതിനിധികള്‍ അലങ്കോലപ്പെടുത്തുകയും ഇടതുസര്‍വീസ് സംഘടനാ നേതാവായ രജിസ്ട്രാറിന്‍റെ റിപ്പോര്‍ട്ടിന്‍റെ ബലത്തില്‍ ജനാധിപത്യവിരുദ്ധമായ നടപടികള്‍ ആസൂത്രണം ചെയ്യുകയുമായിരുന്നു. വളഞ്ഞവഴിയിലൂടെ ബാങ്കിന്‍റെ ഭരണം പിടിക്കാനുള്ള സര്‍ക്കാരിന്‍റെ മോഹമാണ് ഇതോടെ അസ്തമിച്ചത്. ഹൈക്കോടതി വിധി ജുഡീഷ്യറിയുടെ അന്തസ്സ് ഉയര്‍ത്തി പിടിക്കുന്നതാണെന്നും സുധാകരന്‍ പറഞ്ഞു