കണ്ണൂർ : പുരാവസ്തു വില്പനക്കാരനായി ചമഞ്ഞ് തട്ടിപ്പ് നടത്തിയ മോന്സണ് മാവുങ്കലുമായി ബന്ധപ്പെടുത്തിയുള്ള വാർത്തകള്‍ തീർത്തും അടിസ്ഥാനഹിതമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് എം.പി. ആരോപണങ്ങളെല്ലാം നിഷേധിച്ച അദ്ദേഹം ഗൂഢാലോചനയ്ക്ക് പിന്നില്‍ മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസുമാണെന്ന് സംശയിക്കുന്നതായും കണ്ണൂരില്‍ വാർത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
മോന്സണ് മാവുങ്കലിനെ കണ്ടത് ഒരു ഡോക്ടറെന്ന നിലയിലാണ്. കാണാന്‍ പോയതിനപ്പുറം യാതൊരു ബന്ധവും ഇദ്ദേഹവുമായില്ല. 2018 ല്‍ എംപി ആയിരുന്നില്ല. പാർലമെന്റിന്റെ ഫിനാന്‍സ് കമ്മിറ്റിയില്‍ അംഗമായിട്ടുമില്ല. 22 നാണ് കണ്ടു സംസാരിച്ചു എന്ന് ഇവർ പറയുന്നത്. സഹപ്രവര്ത്തകന് ഷാനവാസ് മരിച്ചത് 21 നാണ്. 22 നാണ് കബറടക്കം. കബറടക്കം കഴിയുമ്പോള്‍ തന്നെ മൂന്ന് മണിയായി. തുടർന്നുള്ള അനുശോചന യോഗവും കഴിഞ്ഞാണ് മടങ്ങുന്നത്. അതുകൊണ്ടുതന്നെ ഇതു കെട്ടിച്ചമച്ച കഥയാണെന്നത് വ്യക്തമാണ്.
ഇതിന് പിന്നില്‍ പരാതിക്കാരന്റെ ബുദ്ധിയല്ല, ആരോപണങ്ങള്‍ക്ക് പിന്നില്‍ കറുത്ത ശക്തികളായി പ്രവര്‍ത്തിക്കുന്ന ആരോ ഉണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഇയാളെ വിളിച്ചു എന്ന് പരാതിക്കാരന് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഇത് ശരിയാണെങ്കില്‍ ഇതിന് പിന്നിലൊരു ഗൂഢാലോചനയുള്ളതായി ന്യായമായും സംശയിക്കാം. ഇതിന് പിന്നില്‍ മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസുമാണെന്ന് സംശയിച്ചാല്‍ കുറ്റം പറയാനാവില്ല. മോന്‍സണിന്റെ വീട്ടില്‍ താമസിച്ചുവെന്ന ആരോപണവും കെ സുധാകരന് എംപി നിഷേധിച്ചു.