‘ജയരാജന്‍ സ്റ്റീല്‍ ബോംബിന്‍റെ മണം പിടിച്ചിട്ട് ദിവസം പത്തായി… കിട്ടിയോ?’; കെ സുധാകരന്‍ എംപി

Jaihind Webdesk
Saturday, July 9, 2022

എകെജി സെന്‍ററിന് നേരെ പടക്കമെറിഞ്ഞിട്ട് ദിവസം പത്തായിട്ടും പ്രതിയെ കണ്ടെത്താന്‍ കഴിയാത്ത കേരള പോലീസിനെയും  ആഭ്യന്തരവകുപ്പിനെയും രൂക്ഷമായി പരിഹസിച്ച് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. പടക്കം എറിഞ്ഞ് അഞ്ച് മിനിറ്റിനകം പ്രതികളെ ‘കണ്ടെത്തിയ’ എല്‍ഡിഎഫ് കണ്‍വീനർ ഇ.പി ജയരാജനെയും കെട്ടിടം കുലുങ്ങിയെന്ന് പറഞ്ഞ പി.കെ ശ്രീമതി ടീച്ചറിനെയും  പരിഹസിച്ച കെപിസിസി പ്രസിഡന്‍റ് പത്ത് ദിവസമായിട്ടും പ്രതിയെ പിടികൂടാന്‍ കഴിയാത്ത കേരള പോലീസ് തികഞ്ഞ പരാജയമാണെന്നും വിമർശിച്ചു. സ്വന്തം ഓഫീസിന് മുന്നിൽ ആളെ വിട്ട് ഏറു പടക്കം പൊട്ടിച്ച ബോംബ് നിർമാണ വിദഗ്ധനും സിപിഎമ്മിലെ സയന്‍റിസ്റ്റും ആയ കൺവീനറുടെ പേരിലും പച്ചക്കള്ളം കേരളത്തോട് വിളിച്ചു പറഞ്ഞ ശ്രീമതി ടീച്ചറുടെ പേരിലും കലാപാഹ്വാനത്തിന് കേസെടുക്കാൻ കേരളാ പോലീസ് തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ നേരെ ഉയർന്ന ആരോപണങ്ങളെ വഴിതിരിച്ചുവിടാനുള്ള ശ്രമം നടക്കില്ലെന്നും കേരളത്തിന് സത്യം അറിഞ്ഞേ തീരൂ എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

കെ സുധാകരന്‍ എംപിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം:

“കിട്ടിയോ”?
പാതിരാക്ക് പുസ്തകം വായിച്ചിരുന്ന ശ്രീമതി ടീച്ചറെ പിടിച്ചു കുലുക്കിയ സംഭവം നടന്നിട്ട് ഇന്നേക്ക് പത്തു ദിവസം. പോലീസ് നായക്കും മുൻപേ ഇടതുമുന്നണി കൺവീനർ രണ്ട് സ്റ്റീൽ ബോംബുകളുടെ മണം പിടിച്ചിട്ട് ഇന്നേക്ക് പത്തു ദിവസം. എന്നിട്ടും ഇതുവരെ ആളെ “കിട്ടിയോ”?
സ്വന്തം ഓഫീസിന് മുന്നിൽ ആളെ വിട്ട് ഏറു പടക്കം പൊട്ടിച്ച ബോംബ് നിർമാണ വിദഗ്ദ്ധനും സിപിഎമ്മിലെ “സയൻ്റിസ്റ്റും ” ആയ കൺവീനറുടെ പേരിലും,പച്ചക്കള്ളം നിർലജ്ജം കേരളത്തോട് വിളിച്ചു പറഞ്ഞ ശ്രീമതി ടീച്ചറുടെ പേരിലും കലാപാഹ്വാനത്തിന് കേസെടുക്കാൻ കേരളാ പോലീസ് തയ്യാറാകണം. ഇവരാണ് യഥാർത്ഥ കലാപകാരികൾ. ഇവരാണ് യഥാർത്ഥ കള്ളന്മാർ.
സ്വന്തം മൂക്കിൻ കീഴിൽ നടന്ന സംഭവത്തിൽ CCTV ദൃശ്യങ്ങൾ ലഭ്യമായിട്ടും പ്രതിയെ പിടിക്കാനാകാത്ത കേരളാ പോലീസ് തികഞ്ഞ പരാജയമാണ്. കേരളത്തിന് മുഴുവൻ സത്യമറിയാവുന്ന കാര്യത്തിൽ ഭരണകക്ഷിയെ ഭയന്ന് പോലീസ് കാണിച്ചുകൂട്ടുന്ന കാര്യങ്ങളൊക്കെയും ജനങ്ങളെ പൊട്ടിച്ചിരിപ്പിക്കുന്നുണ്ട്. ഇനിയും ഇതുപോലെ മുന്നോട്ട് പോയാൽ, സിപിഎമ്മിലെ ചില നേതാക്കളെക്കാൾ വലിയ കോമാളികളായി കേരളാ പോലീസ് മുദ്രകുത്തപ്പെടും.
തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെ വഴിതിരിച്ചു വിടാൻ എന്തു നീചകൃത്യവും പിണറായി വിജയൻ ചെയ്യും. കേരളത്തെ കലാപ ഭൂമിയാക്കി ജനങ്ങളെ ചേരിതിരിച്ച് തമ്മിൽ തല്ലിക്കും.
മുഖ്യനും കുടുംബവും നടത്തിയെന്ന് പറയുന്ന കള്ളക്കടത്തിൻ്റെ സത്യം തെളിയുന്നത് വരെ മറ്റൊന്നിലേക്കും നാടിന്റെ ശ്രദ്ധ തിരിയരുത്. കേരളത്തിന്‌ സത്യം അറിഞ്ഞേ തീരൂ.