വേട്ടയാടുന്നത് വിവാദങ്ങള്‍ക്ക് കവചം തീര്‍ക്കാന്‍; ഒരിഞ്ചു പിന്നോട്ടില്ലെന്ന് കെ സുധാകരന്‍ എംപി

 

തിരുവനന്തപുരം: മാധ്യമങ്ങളെയും പ്രതിപക്ഷ നേതാക്കളെയും വേട്ടയാടി മുഖ്യമന്ത്രിയുടെ അഴിമതിക്കും എസ്എഫ്‌ഐ നേതാക്കളുടെ ക്രമക്കേടുകള്‍ക്കും കവചം തീര്‍ക്കാനാണ് സര്‍ക്കാരും സിപിഎമ്മും ശ്രമിക്കുന്നതെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. ഇവര്‍ക്കെതിരായ പോരാട്ടത്തില്‍ നിന്ന് ഇന്ദ്രനും ചന്ദ്രനും വന്നാലും പിന്മാറില്ലെന്നും ഒരിഞ്ചു പിന്നോട്ടില്ലെന്നും കെ സുധാകരന്‍ എംപി വ്യക്തമാക്കി.

സര്‍ക്കാരിനെതിരെ മിണ്ടുന്നവരെ തെരഞ്ഞുപിടിച്ചു വേട്ടയാടുകയാണെന്ന് കെ സുധാകരന്‍ എംപി കുറ്റപ്പെടുത്തി. ജനാധിപത്യത്തിന്‍റെ കാവലാളായ മീഡിയ പ്രവര്‍ത്തകരെ അടിച്ചമര്‍ത്തി പിണറായിയുടെ കാവല്‍ നായ ആക്കാനാണ് ശ്രമിക്കുന്നത്. സര്‍ക്കാരിനെതിരെ ശബ്ദിക്കുന്ന മാധ്യമ സ്ഥാപനങ്ങളെയും മാധ്യമ പ്രവര്‍ത്തകരെയും തെരഞ്ഞുപിടിച്ച് പോലീസ് വേട്ടയാടുന്നു. വാര്‍ത്ത വായിച്ചവരും റിപ്പോര്‍ട്ട് ചെയ്തവരുമൊക്കെ വേട്ടയാടപ്പെടുന്ന കാലത്തിലൂടെയാണ് കേരളം കടന്നുപോകുന്നത്. കേരളത്തില്‍ മാധ്യമസ്വാതന്ത്ര്യത്തെ പിണറായി സംപൂജ്യമാക്കിയെന്നും സുധാകരന്‍ പറഞ്ഞു.

പാര്‍ട്ടിക്കെതിരെയോ സര്‍ക്കാരിനെതിരെയോ വിമര്‍ശനം ഉയര്‍ന്നാല്‍ അവര്‍ക്കെതിരേ ഇനിയും നടപടി ഉണ്ടാകുമെന്ന് പാര്‍ട്ടി സെക്രട്ടറി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. തിരുവിതാംകൂര്‍ ദിവാന്‍ സര്‍ സിപിയെ വിമര്‍ശിച്ചതിന് നൂറു വര്‍ഷം മുമ്പ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയതുപോലെ മാധ്യമ പ്രവര്‍ത്തകരെ നിശബ്ദമാക്കാനാണ് അഭിനവ ദിവാന്‍ ശ്രമിക്കുന്നത്. എന്നാല്‍ സര്‍ സിപിയെ വെട്ടിയോടിച്ച കെസിഎസ് മണിയുടെ നാടുകൂടിയാണിതെന്ന് പിണറായി ഓര്‍ക്കണമെന്നും കെ സുധാകരന്‍ പറഞ്ഞു.

ഗുരുതരമായ ക്രമക്കേടുകള്‍ കാട്ടിയ എസ്എഫ്‌ഐ നേതാവ് കെ വിദ്യയെ പോലീസ് തെരയാന്‍ തുടങ്ങിയിട്ട് 12 ദിവസമായി. ടി.പി ചന്ദ്രശേഖരന്‍റെ കൊലയാളികളായ കൊടി സുനിയേയും കൂട്ടരേയും പാര്‍ട്ടി കോട്ടയായ മുടക്കോഴി മലയില്‍ കയറി സാഹസികമായി കീഴടക്കിയ ചരിത്രമുള്ളതാണ് കേരള പോലീസ്.  ആമസോണ്‍ കൊടുങ്കാട്ടില്‍ നിന്നുപോലും കുട്ടികളെ വീണ്ടെടുക്കുന്ന രീതിയില്‍ സാങ്കേതിക വിദ്യ വളര്‍ന്നിട്ടും ഒരു എസ്എഫ്‌ഐക്കാരിയുടെ മുന്നില്‍ കേരള പോലീസ് വിറങ്ങലിച്ചു നില്‍ക്കുകയാണെന്ന് കെ സുധാകരന്‍ പരിഹസിച്ചു. ‘മൃദുഭാവേ ദൃഢ കൃത്യേ’ എന്നത് ‘മൃദു ഭാവേ വിദ്യേ’ എന്ന് കേരള പോലീസ് മാറ്റിയെഴുതി. പൂട്ടിക്കിടന്ന വിദ്യയുടെ വീട് തുറന്ന് അവിടം അടിച്ചുവാരിയിട്ട് പോലീസ് തിരിച്ചുവരുന്ന കാഴ്ച കണ്ട് കേരളം മൂക്കത്തു വിരല്‍വെച്ചു. തനിക്കും പ്രതിപക്ഷ നേതാവിനും എതിരായ കേസിൽ ശരവേഗത്തിൽ നീങ്ങുന്ന പിണറായി ഭക്തരായ പോലീസ്, മോൻസൺ മാവുങ്കൽ വെളിപ്പെടുത്തിയ ഡിജിപിയുടെയും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെയും പേരിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്യാൻ വൈകുന്നത് എന്ത് കൊണ്ടാണെന്നും കെ സുധാകരന്‍ ചോദിച്ചു. ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി ടി.കെ രജീഷിനെ പോലുള്ളവർക്ക് ജയിലിനുള്ളിൽ കിടന്ന് ആയുധക്കച്ചവടം നടത്താൻ സൗകര്യം ഒരുക്കിയത് ആഭ്യന്തരവകുപ്പിന്‍റെ ഗുരുതരമായ വീഴ്ചയാണെന്ന് കെ സുധാരൻ ചൂണ്ടിക്കാട്ടി.

40 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ എസ് എഫ് ഐ നേതാവ് പോലീസിനെ വെല്ലുവിളിച്ച് ചങ്കുവിരിച്ചു നടക്കുന്നു. എഴുതാത്ത പരീക്ഷയില്‍ ക്രമക്കേടിലൂടെ വിജയിച്ച എസ്എഫ്‌ഐ നേതാവ് സ്വയംരക്ഷാര്‍ത്ഥം നല്‍കിയ കേസില്‍ പോലീസ് പ്രത്യേക സംഘത്തെ നിയമിച്ചാണ് മിന്നല്‍വേഗതയില്‍ അന്വേഷിക്കുന്നത്. കാട്ടാക്കട ക്രിസ്റ്റ്യന്‍ കോളജില്‍ ആള്‍മാറാട്ടം നടത്തിയ എസ്എഫ്‌ഐ നേതാവിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. വിരമിക്കാന്‍ വെറും 15 ദിവസം മാത്രം ബാക്കിയുള്ള പോലീസ് മേധാവിക്ക് ഒരു ദിവസമെങ്കിലും അന്തസുള്ള പോലീസുകാരനായി പ്രവര്‍ത്തിക്കാനുള്ള അവസരമാണ് മുന്നിലുള്ളതെന്നും കെ സുധാകരന്‍ എംപി പറഞ്ഞു.

Comments (0)
Add Comment