‘മുന്നണി പടയാളിയാകാന്‍ സതീശന് സാധിക്കും, ഒറ്റക്കെട്ടായി മുന്നേറാം’; ആശംസകള്‍ നേര്‍ന്ന് കെ സുധാകരന്‍ എം.പി

Jaihind Webdesk
Saturday, May 22, 2021

പുതിയ പ്രതിപക്ഷ നേതാവായി നിയോഗിക്കപ്പെട്ട വി.ഡി സതീശന് ആശംസകള്‍ നേര്‍ന്ന് കെ സുധാകരന്‍ എം.പി. പ്രതീക്ഷയോടെയാണ് സതീശന്‍റെ വരവിനെ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ നോക്കിക്കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രസ്ഥാനത്തിന്‍റെ മുന്നണി പടയാളിയായി, മുന്നേറ്റത്തിന്‍റെ പുത്തൻ മേഖലകൾ കണ്ടെത്താൻ പ്രവർത്തന ശക്തികൊണ്ടും, ചിന്താശക്തി കൊണ്ടും, സംഘടനാപാടവം കൊണ്ടും വി.ഡി സതീശന് സാധിക്കുമെന്നാണ് വിശ്വാസം. അതിനായി എല്ലാവരുടെയും പിന്തുണയുണ്ടാകുമെന്നും കെ സുധാകരന്‍ പറഞ്ഞു. ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാന്‍ സതീശന്‍റെ നേതൃത്വത്തിന് സാധിക്കട്ടെയെന്നും ഒറ്റക്കെട്ടായി മുന്നേറാമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

 

കെ സുധാകരന്‍ എം.പിയുടെ ഫേസ്ബുക്ക് പോസ്റ്റ് :

കോൺഗ്രസിൻ്റെ പുതിയ പ്രതിപക്ഷ നേതാവിന് അഭിനന്ദനങ്ങൾ, അഭിവാദ്യങ്ങൾ!
തലമുറ മാറ്റത്തിൻ്റെ മുദ്രവാക്യം രാജ്യത്തിൽ നിന്ന് ഉയരുമ്പോൾ, കാലത്തിൻ്റെ വിളിയിൽ നിന്ന് മാറി നിൽക്കാൻ കേരളത്തിൻ്റെ കോൺഗ്രസ് പ്രസ്ഥാനത്തിന് സാധിക്കില്ലെന്ന് തെളിയിച്ചു കൊണ്ടാണ് ശ്രീ.വി.ഡി.സതീശൻ കോൺഗ്രസിൻ്റെ ലീഡറായി തിരഞ്ഞെടുക്കപ്പെട്ടത്.

പ്രത്യാശയോടും, പ്രതീക്ഷയോടും കൂടി ശ്രീ.വി.ഡി.സതീശൻ്റെ വരവിനെ കേരളത്തിലെ കോൺഗ്രസുകാർ നോക്കി കാണുന്നു.

ആലംബമറ്റ പ്രസ്ഥാനത്തിന് മുന്നണി പടയാളിയായി, മുന്നേറ്റത്തിൻ്റെ പുത്തൻ മേഖലകൾ കണ്ടെത്താൻ പ്രവർത്തന ശക്തികൊണ്ടും, ചിന്താശക്തി കൊണ്ടും, സംഘടനാപാടവം കൊണ്ടും ശ്രീ.സതീശന് സാധിക്കുമെന്നാണ് എൻ്റെ വിശ്വാസം.
ആ വിശ്വാസം അസ്ഥാനത്ത് ആകില്ലെന്ന് എൻ്റെ മനസ്സ് എന്നോട് പറയുന്നു. അത് നിറവേറ്റാൻ അദ്ദേഹത്തിന് എല്ലാ സാഹചര്യങ്ങളും സൃഷ്ടിക്കാനുള്ള ശ്രമത്തിൽ ഞങ്ങൾ ഓരോരാളുകളും ബിന്ദുവായി മാറും എന്ന് അദ്ദേഹത്തിന് വിശ്വസിക്കാം.

ഒറ്റക്കെട്ടായി, ഒരു മനസ്സായി, ഒരു ചിന്തയായി, ഒരു പ്രവർത്തനമായി ഒരുമിച്ച് മുന്നേറാം, ആ മുന്നേറ്റത്തിൽ തകർക്കേണ്ടവരെ തകർക്കാനും, ഉൾക്കൊള്ളണ്ടവരെ ഉൾക്കൊള്ളുവാനും കോൺഗ്രസ് പ്രസ്ഥാനത്തിന് സാധിക്കുമെന്നാണ് എൻ്റെ വിശ്വാസം.
നഷ്ടപ്പെട്ടുപോയ വിശ്വാസത്തെ ,ജനതയുടെ വിശ്വാസത്തെ തിരിച്ചെടുക്കാൻ ശ്രീ വി.ഡി സതീശൻ്റെ ധീരമായ നേതൃത്വത്തിന് ഉപകരിക്കട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു.