നെടുമുടി വേണുവിന്‍റെ നിര്യാണത്തില്‍ കെ സുധാകരന്‍ എംപി അനുശോചിച്ചു

Jaihind Webdesk
Monday, October 11, 2021

തിരുവനന്തപുരം : ചലച്ചിത്ര നടന്‍ നെടുമുടി വേണുവിന്‍റെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി അനുശോചിച്ചു. അഞ്ചുപതിറ്റാണ്ടായി മലയാള സിനിമയിലെ പ്രതിഭാധനനായ നടനായിരുന്നു നെടുമുടി വേണു. അഭിനയ മികവ് കൊണ്ട് അദ്ദേഹം അനശ്വരമാക്കിയ കാഥാപാത്രങ്ങള്‍ നിരവധിയാണ്. മലയാള സിനിമയില്‍ പകരം വെക്കാനില്ലാത്ത അഭിനേതാവാണ് നെടുമുടി വേണുവെന്നും കെ സുധാകരന്‍ എംപി അനുസ്മരിച്ചു.

സിനിമയില്‍ അദ്ദേഹം അഭിനയിക്കുകയായിരുന്നില്ല, ജീവിക്കുക ആയിരുന്നു. അകാലത്തിലുള്ള അദ്ദേഹത്തിന്‍റെ വിടവാങ്ങല്‍ മലയാളികള്‍ ഒട്ടും പ്രതീക്ഷിച്ചതല്ല. ഇനിയും നിരവധി കഥാപാത്രങ്ങള്‍ക്ക് അഭ്രപാളിയില്‍ ജീവന്‍ പകരാന്‍ ശേഷിയുള്ള വലിയ ഒരു കലാകാരന്‍റെ വിയോഗം ഇന്ത്യന്‍ സിനിമയ്ക്ക് അപരിഹാര്യമാണ്. തന്‍റെ സ്വതസിദ്ധമായ ശൈലയില്‍ നമുക്ക് ഇടയിലെ മനുഷ്യജീവിതങ്ങള്‍ തികഞ്ഞ മെയ്‌വഴക്കത്തോടെയും ഭാവങ്ങളിലൂടെയും പകര്‍ന്നാടിയ നെടുമുടി വേണുവിന്‍റെ വിയോഗത്തില്‍ അഗാധമായ ദുഖം രേഖപ്പെടുത്തുന്നതായി കെ സുധാകരന്‍ എംപി അറിയിച്ചു.