‘വലിയ വേദനയുണ്ടാക്കുന്ന വേർപാട്’; അബ്ദുള്‍ ഖാദര്‍ മൗലവിയുടെ നിര്യാണത്തില്‍ കെ സുധാകരന്‍ എംപി അനുശോചിച്ചു

Jaihind Webdesk
Friday, September 24, 2021

 

മുസ്ലീംലീഗ് സംസ്ഥാന ഉപാധ്യക്ഷന്‍ വികെ അബ്ദുള്‍ ഖാദര്‍ മൗലവിയുടെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എം.പി അനുശോചിച്ചു. ജ്യേഷ്ഠസഹോദര തുല്യനായിരുന്ന അദ്ദേഹം തനിക്ക് വഴികാട്ടിയും മാര്‍ഗദര്‍ശിയും ആയിരുന്നുവെന്ന് കെ സുധാകരന്‍ എം.പി അനുസ്മരിച്ചു. അബ്ദുള്‍ ഖാദര്‍ മൗലവി സാഹിബിന്‍റെ സ്‌നേഹവും വാത്സല്യവും പ്രോത്സാഹനവും ആവോളം ലഭിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിന് അതീതമായ ബന്ധമായിരുന്നുവെന്നും  അദ്ദേഹത്തിന്‍റെ വിയോഗവാര്‍ത്ത വല്ലാതെ നൊമ്പരപ്പെടുത്തുന്നതാണെന്നും കെ സുധാകരന്‍ എം.പി പറഞ്ഞു.

കണ്ണൂര്‍ ജില്ലയില്‍ മുസ്ലീംലീഗിന്‍റെ ഏറ്റവും ഉന്നതനായ നേതാവായിരുന്ന അബ്ദുള്‍ ഖാദര്‍ മൗലവി സാഹിബ് സംഘടനപരമായ ഏത് പ്രശ്‌നങ്ങള്‍ക്കും ഞൊടിയിടയില്‍ പരിഹാരം കാണാന്‍ ശേഷിയുള്ള രാഷ്ട്രീയ,മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച നേതാവായിരുന്നു. ശുഭ്രവസ്ത്രവും തൊപ്പിയും ധരിച്ചുള്ള അബ്ദുള്‍ ഖാദര്‍ മൗലവിയായിരുന്നു കണ്ണൂര്‍ ജില്ലയില്‍ ലീഗിന്‍റെ ഐഡന്‍റിറ്റി.

കണ്ണൂര്‍ ജില്ലയില്‍ യുഡിഎഫിനെ സംബന്ധിച്ചിടത്തോളം ഒരുതരത്തിലും നികത്താന്‍ കഴിയാത്ത നഷ്ടമാണ് അബ്ദുള്‍ ഖാദര്‍ സാഹിബിന്‍റെ വിയോഗം. കക്ഷിരാഷ്ട്രീയത്തിനും ജാതിമതചിന്തകള്‍ക്കും അതീതമായ സുഹൃദ്ബന്ധങ്ങള്‍ക്ക് ഉടമായിരുന്ന സാഹിബ് മതേതരത്വത്തിന്‍റെ ഉജ്വല പ്രതീകമായിരുന്നു. അദ്ദേഹത്തിന്‍റെ വേര്‍പാട് വലിയ നഷ്ടവും വേദനയും ഉണ്ടാക്കുന്നതാണെന്നും കെ സുധാകരന്‍ എ.പി പറഞ്ഞു.