മുഖ്യമന്ത്രിയുടെ ന്യായീകരണം ലജ്ജാവഹം: കെ സുധാകരന്‍ എംപി

Jaihind Webdesk
Thursday, February 10, 2022

തിരുവനന്തപുരം: മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ന്യായീകരിക്കുന്ന മുഖ്യമന്ത്രിയുടെ നടപടി ലജ്ജാവഹമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി.
സര്‍ക്കാരിനെ വെള്ളപൂശിയ ശിവശങ്കറിനെ മുഖ്യമന്ത്രി അന്ധമായി ന്യായീകരിക്കുന്നതു കണ്ടപ്പോള്‍ കേരളം ലജ്ജിച്ച് മൂക്കത്തുവിരല്‍വെക്കുകയാണുണ്ടായത്. ശിവശങ്കറിനെതിരെ സംസാരിച്ച് 48 മണിക്കൂര്‍ പോലും തികയുന്നതിനു മുമ്പ് സ്വപ്‌നയ്‌ക്കെതിരെയുള്ള കേസുകള്‍ ഒന്നൊന്നായി കുത്തിപ്പൊക്കുന്നു. ഫാസിസ്റ്റുകള്‍പോലും ഈ രീതിയില്‍ നീതിന്യായ വ്യവസ്ഥയെ മലിനമാക്കില്ലെന്നും കെ സുധാകരൻ എംപി പറഞ്ഞു.

മുഖ്യമന്ത്രിയെ വെള്ളപൂശിക്കൊണ്ടുള്ള സ്വപ്‌നയുടെ ശബ്ദരേഖ തയാറാക്കിയത് മുഖ്യമന്ത്രിയുടെ ഓഫീസിലാണ് എന്നാണ് പുറത്തുവരുന്ന വിവരം. ശിവശങ്കറിന്‍റെ പേരില്‍ പുറത്തുവന്ന പുസ്തകം പോലും ആരുടെയോ തിരക്കഥയില്‍ രചിച്ചതാണെന്ന് കരുതപ്പെടുന്നു. ശബ്ദരേഖയിലും പുസ്തകത്തിലുമൊക്കെ കാരണഭൂതനെ വാഴ്ത്തുകയും അപരാധവിമുക്തനാക്കുകയുമാണ് ചെയ്യുന്നതെന്നും അങ്ങനെ ചെയ്യുന്നവര്‍ക്ക് മാത്രമേ രക്ഷയുള്ളുവെന്നും കെ സുധാകരന്‍ പറഞ്ഞു.

ഇഡിയുടെ കസ്റ്റഡിയിലിരിക്കെ പുറത്തുവന്ന ശബ്ദരേഖ ആസൂത്രണം ചെയ്തത് ശിവശങ്കറാണ് എന്ന വെളിപ്പെടുത്തലിനെക്കുറിച്ച് അന്വേഷണമില്ല. എയര്‍ ഇന്ത്യ സാറ്റ്‌സ് കേസില്‍ ക്രൈം ബ്രാഞ്ചിന്‍റെ ചോദ്യം ചെയ്യല്‍ അട്ടിമറിക്കാന്‍ ശിവശങ്കര്‍ ഇടപെട്ടു എന്നതിനെക്കുറിച്ചും അന്വേഷണമില്ല. സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ ശിവശങ്കറിന് പുസ്തകം എഴുതാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അനിവാര്യമായ അനുവാദവും വേണ്ട. എല്ലാം മുഖ്യമന്ത്രിക്കുവേണ്ടി ചെയ്യുന്നതിനാല്‍ അസ്ത്രവേഗതയില്‍ തിരിച്ചെടുത്താണ് പ്രത്യുപകാരം ചെയ്തത്. ഇപ്പോള്‍ പൂര്‍ണസംരക്ഷണം നല്‍കുകയും ചെയ്യുന്നു.

അതേസമയം ഇഡി ഉദ്യോത്ഥര്‍ക്കെതിരേ കേസെടുക്കുകയും അവര്‍ക്കെതിരേ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്ത ചരിത്രമാണ് പിണറായിക്കുള്ളത്. നീതിന്യായ സംവിധാനങ്ങളെ എങ്ങനെ ദുരുപയോഗം ചെയ്യാമെന്ന് മോദിക്കുപോലും പിണറായില്‍ നിന്നു പഠിക്കേണ്ടി വരുമെന്നും കെ സുധാകരന്‍ എംപി പരിഹസിച്ചു.