കോൺഗ്രസിന് നിർദ്ദേശം നല്‍കാന്‍ സിപിഎം വളർന്നിട്ടില്ല : കെ സുധാകരന്‍ എംപി

Jaihind Webdesk
Tuesday, April 5, 2022

ന്യൂഡല്‍ഹി: രാജ്യത്ത് കോൺഗ്രസ് ഇല്ലാതെ ഒരു മതേതര സഖ്യവും സാധ്യമല്ലെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. ബിജെപിയെ സഹായിക്കാനാണ് കോണ്‍ഗ്രസിനെ മുന്നില്‍ നിര്‍ത്തി സഖ്യത്തിന് മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് സിപിഎം പറയുന്നത്. പ്രതിപക്ഷസഖ്യം സംബന്ധിച്ച് കോണ്‍ഗ്രസിന് നിര്‍ദേശം നല്‍കാന്‍ സിപിഎം വളര്‍ന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിന് സിപിഎം നിർദ്ദേശം നല്‍കുന്നത് ഉറുമ്പ്  ആനയെ കല്യാണം ആലോചിക്കുന്നത് പോലെയാണ്. സിപിഎമ്മിന്‍റെ മാത്രം നിലപാട് അനുസരിച്ചല്ല ദേശീയതലത്തില്‍ പ്രതിപക്ഷസഖ്യം രൂപീകരിക്കുന്നത്. കേരളത്തില്‍ മാത്രമാണ് സിപിഎം അധികാരത്തിലുള്ളത്.  മുന്‍പ് അധികാരത്തിലുണ്ടായിരുന്ന ത്രിപുരയിലും ബംഗാളിലും ഇപ്പോള്‍ സ്ഥാനാര്‍ഥിയായി നിര്‍ത്താന്‍ പോലും സിപിഎമ്മിന് ആളില്ല. മുന്‍പ് സംഘടനാപരമായി എന്തെങ്കിലും സാന്നിധ്യമുണ്ടായിരുന്ന നിരവധി സംസ്ഥാനങ്ങളില്‍ സിപിഎം തുടച്ചുനീക്കപ്പെട്ടെന്നും സുധാകരന്‍ പരിഹസിച്ചു. രാജ്യത്തെ 24 ശതമാനം ജനങ്ങളുടെ പിന്തുണയുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. സിപിഎമ്മിന് ഒന്നര ശതമാനം ജനപിന്തുണ പോലുമില്ല, സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്, സ്റ്റാലിന്‍റെ ഡിഎംകെ, ശരദ് പവാറിന്‍റെ എന്‍സിപി തുടങ്ങിയ കക്ഷികള്‍ കോണ്‍ഗ്രസ് നയിക്കേണ്ടതിന്‍റെ പ്രാധാന്യം സംബന്ധിച്ച് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ബിജെപി വിരുദ്ധ സഖ്യത്തില്‍ ഉള്‍പ്പെടാതിരിക്കാനാണ് സിപിഎം നേതാക്കളായ കോടിയേരിയും എസ്ആര്‍പിയും സഹനേതാക്കളും നിബന്ധനകള്‍ മുന്നോട്ടുവെക്കുന്നത്.

കേരളത്തില്‍ പണത്തിന്‍റേയും ഗുണ്ടായിസത്തിന്‍റേയും ബലത്തിലാണ് സിപിഎം മുന്നോട്ടുപോകുന്നത്. പിണറായി വിജയന്‍റെ കേരളത്തില്‍ മാത്രം ഒരു പച്ചത്തുരുത്തായി അവശേഷിക്കുന്നത് ബിജെപിയുമായി ഉണ്ടാക്കിയ ധാരണയുടെ കൂടി പിന്‍ബലത്തിലാണ്. ഈ ധൈര്യത്തിലാണ് കെ-റെയില്‍ പദ്ധതിയുമായി പിണറായി മുന്നോട്ട് പോകുന്നതുപോലും. കേരളത്തില്‍ സമരംചെയ്യുന്ന ബിജെപി നേതാക്കള്‍ക്ക് കേന്ദ്ര സര്‍ക്കാരിനെക്കൊണ്ട് പദ്ധതി പിന്‍വലിപ്പിക്കാന്‍ പോലും കഴിയുന്നില്ലെന്നും എല്ലാം പിന്നിലുള്ള ധാരണയാണെന്നും സുധാകരന്‍ ആരോപിച്ചു.