പോളിംഗ് ഉദ്യോഗസ്ഥരും പൊലീസും അക്രമത്തിനും കള്ള വോട്ടിനും കൂട്ട് നിന്നെന്ന് കെ.സുധാകരൻ എംപി

Jaihind News Bureau
Tuesday, December 15, 2020

കണ്ണൂരിൽ പോളിങ് ഉദ്യോഗസ്ഥരും പൊലീസും അക്രമത്തിനും കള്ള വോട്ടിനും കൂട്ട് നിന്നതായി കെ.സുധാകരൻ എംപി. ബൂത്ത് ഏജന്‍റുമാർക്ക് പൊലീസും ഉദ്യോഗസ്ഥരും സുരക്ഷ നൽകിയില്ല. നിരവധി കോൺഗ്രസ് പ്രവർത്തകർക്ക് മർദ്ദനമേറ്റു. എം വി ജയരാജനെ അക്രമിച്ചു എന്നത് അടിസ്ഥാന രഹിതമെന്നും കെ.സുധാകരൻ എംപി കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ പറഞു.

കണ്ണൂരിൽ സി പി എം അക്രമം ഇക്കുറിയും ഉണ്ടായി ബൂത്തിൽ സംരക്ഷണം നൽകാൻ പൊലീസ് തയ്യാറായില്ല. ബൂത്ത് ഏജൻ്റുമാർക്ക് ഉദ്യോഗസ്ഥർ സുരക്ഷ നൽകിയില്ലെന്ന് കെ.സുധാകരൻ എംപി പറഞ്ഞു. സി പി എം അക്രമത്തിൽ നിരവധി കോൺഗ്രസ് പ്രവർത്തകർക്ക് പരിക്ക് പറ്റി ഉദ്യോഗസ്ഥൻമാർ പക്ഷപാതപരമായി പെരുമാറി.

കള്ളവോട്ടിനെ തടയാൻ ഉദ്യോഗസ്ഥർ തയ്യാറായില്ല. പാർട്ടിക്ക് വോട്ട് ചെയ്യുമൊ എന്ന് സംശയമുള്ള മുഴുവൻ എൽ ഡി എഫ് കാരെ കൊണ്ട് പോലും ഓപ്പൺ വോട്ട് ചെയ്യിച്ചു. അർഹത പെട്ട പോസ്റ്റൽ വോട്ട് നൽകാതിരുന്നു.എല്ലാ കൊള്ളരുതായ്മകൾക്കും പോളിംഗ് ഉദ്യോഗസ്ഥർ കൂട്ടുനിന്നു. ഇവർക്കെതിരെ നിയമ നടപടി സ്വീകരിക്കും.

ഓപ്പൺ വോട്ട് ചെയ്യുന്നതിന് മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്ന ആവശ്യം ഉന്നയിച്ച് കോടതിയെ സമീപിക്കും. സ്വപ്ന സുരേഷ് തരംഗവും സ്വർണ്ണക്കടത്ത് തരംഗവും ഉള്ളത് കൊണ്ടാണ് മുഖ്യമന്ത്രി ഉൾപ്പടെ പ്രചാരണത്തിന് ഇറങ്ങാതിരുന്നതെന്നും കെ.സുധാകരൻ പറഞ്ഞു.

എം വി ജയരാജനെ അക്രമിച്ചു എന്ന് പറയുന്നത് അടിസ്ഥാന രഹിതം. ജയരാജനെ ആർക്ക് വേണം. കുലയ്ക്കല്ലേ കല്ലെറിയു എന്നും കെ സുധാകരൻ പറഞ്ഞു. ഡി സി സി പ്രസിഡൻ്റ് സതീശൻ പാച്ചേനി, കെ പി സി സി ജനറൽ സെക്രട്ടറി മാർട്ടിൻ ജോർജ്ജ് ഉൾപ്പടെ വിവിധ നേതാക്കൾ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.