മനസാ വാചാ അറിയാത്ത കാര്യം; ഗോവിന്ദന്‍റെ പരാമർശത്തെ പുച്ഛിച്ച് തള്ളുന്നു, നിയമ നടപടി സ്വീകരിക്കും; കേസിന് പിന്നില്‍ സിപിഎം: കെ സുധാകരന്‍ എംപി

 

കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍റെ പ്രസ്താവനയെ പുച്ഛിച്ച് തള്ളുന്നതായി കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. തന്നെ കേസില്‍ പ്രതിയാക്കുന്നതിന് പുറകില്‍ സിപിഎമ്മാണെന്ന് തെളിഞ്ഞുവെന്നും കെ സുധാകരന്‍ എംപി പറഞ്ഞു. മനസാ വാചാ അറിയാത്ത കാര്യമാണെന്നും ഗോവിന്ദനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കെപിസിസി പ്രസിഡന്‍റ് വ്യക്തമാക്കി.

കെ സുധാകരൻ അവിടെ ഉണ്ടായിരുന്നെന്ന് അതിജീവിത മൊഴി നൽകിയിട്ടുണ്ടെന്നും ആ കേസിൽ ചോദ്യം ചെയ്യാനാണ് സുധാകരനെ ക്രൈം ബ്രാഞ്ച് വിളിപ്പിച്ചിരിക്കുന്നതെന്നുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞത്. എന്നാല്‍ ഇത് അടിസ്ഥാന രഹിതമാണെന്നും പരാതിക്കാർക്ക് താനുമായി ഒരു ബന്ധവുമില്ലെന്നും തന്‍റെ പേര് ആരും പറഞ്ഞിട്ടില്ലെന്നും കെ സുധാകരന്‍ എം.പി വ്യക്തമാക്കി. എം.വി ഗോവിന്ദന്‍റെ പരാമർശത്തെ പുച്ഛിച്ച് തള്ളുന്നതായും അദ്ദേഹം പറഞ്ഞു.

ഇര നല്‍കാത്ത മൊഴി എങ്ങനെ ഗോവിന്ദൻ മാസ്റ്റർക്ക് കിട്ടിയെന്ന് കെ സുധാകരന്‍ എംപി ചോദിച്ചു. 164 രഹസ്യമൊഴിയാണ് അതിജീവിത നല്‍കിയത്. അതെങ്ങനെ സിപിഎമ്മിന് ലഭ്യമായെന്നതില്‍ വ്യക്തത വരുത്തണം. തനിക്ക് എതിരായ കേസിന് പിറകിൽ സിപിഎമ്മാണെന്ന് ഇതോടെ വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫിസിൽ ഇരിക്കുന്ന സെക്രട്ടറിയുടെ ചരിത്രം പരിശോധിക്കണമെന്നും കെപിസിസി പ്രസിഡന്‍റ് കൂട്ടിച്ചേർത്തു.

അതേസമയം പോക്സോ കേസിന് ആധാരമായ സംഭവം നടന്നത് 2019 ജൂലൈ 26 നാണ്. കെ സുധാകരന്‍ എംപി ചികിത്സയ്ക്കായി മോന്‍സന്‍റെ വീട്ടിലെത്തിയതാകട്ടെ 2018 നവംബറിലും. പോക്സോ കേസിലെ കോടതി രേഖകളിലും കെ സുധാകരന്‍റെ പേരില്ല. ഇതുതന്നെ എം.വി ഗോവിന്ദന്‍റെ ആരോപണത്തില്‍ തെല്ലും കഴമ്പില്ല എന്നത് വ്യക്തമാക്കുന്നതാണ്. എം.വി ഗോവിന്ദന്‍റെ പ്രസ്താവന തള്ളി ക്രൈം ബ്രാഞ്ചും മോണ്‍സന്‍റെ അഭിഭാഷകനും രംഗത്തെത്തിയിരുന്നു.

Comments (0)
Add Comment