‘ജനിച്ചതും ജീവിച്ചതും മരിക്കുന്നതും കോണ്‍ഗ്രസില്‍; വരുന്ന തിരഞ്ഞെടുപ്പില്‍ പാർട്ടിയെ അധികാരത്തിലെത്തിക്കുക എന്ന ഒറ്റ ലക്ഷ്യം മുന്നില്‍, നാം ഒരുമിച്ച് ആ ലക്ഷ്യം കണ്ടിരിക്കും’; പ്രവർത്തകർക്ക് കെപിസിസി പ്രസിഡന്‍റിന്‍റെ സന്ദേശം

 

തിരുവനന്തപുരം: വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി കോൺഗ്രസിനെ മാറ്റി യുഡിഎഫിനെ അധികാരത്തിൽ എത്തിക്കുക എന്നതാണ് തന്‍റെ ലക്ഷ്യമെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍. ജനിച്ചത് കോൺഗ്രസിലാണെന്നും ജീവിക്കുന്നതും കോൺഗ്രസിലാണെന്നും ഇനി മരിക്കുമ്പോഴും ഒരു മൂവർണ്ണക്കൊടി തന്‍റെ കയ്യിലുണ്ടാകുമെന്നും അദ്ദേഹം കുറിച്ചു. പിണറായി വിജയന്‍റെ സ്വർണ്ണക്കടത്തിലെ വിഹിതവും വാങ്ങിച്ച് കോൺഗ്രസിനെതിരെ പ്രചണ്ഡ വ്യാജ പ്രചാരണവുമായി ആര് തന്നെ ഇറങ്ങിയാലും തന്നെ ഏൽപ്പിച്ച ചുമതല അതിന്‍റെ മുറയ്ക്ക് തന്നെ നടക്കുമെന്നും കെ. സുധാകരന്‍ ഫേയ്സ്ബുക്കില്‍ കുറിച്ചു.

ഫേയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

എനിക്കേറ്റവും പ്രിയപ്പെട്ട കോൺഗ്രസ്‌ പ്രവർത്തകരോട്….

കഴിഞ്ഞ നിയമസഭയ്ക്ക് ശേഷം നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും ഒറ്റക്കെട്ടായി പ്രവർത്തിച്ച് നമ്മൾ വിജയിച്ചു. ഇതുകണ്ട് വിറളി പിടിച്ച ചില മാധ്യമ സ്ഥാപനങ്ങൾ കൊടുക്കുന്ന വ്യാജ വാർത്തകളിൽ നിങ്ങളാരും തളരരുത്. നിങ്ങളിൽ ആവേശവും അഭിമാനവും ഉണ്ടാക്കുന്ന പദ്ധതികൾ പടിപടിയായി നടപ്പിലാക്കുന്ന ശ്രമത്തിലാണ് കോൺഗ്രസ് പാർട്ടി.

കേരളം കണ്ട ഏറ്റവും വലിയ ക്രിമിനലിനെ ‘ക്യാപ്റ്റൻ’ എന്ന തലക്കെട്ടോടെ, നിയമസഭ തിരഞ്ഞെടുപ്പിന് കുറച്ചു ദിവസം മുൻപ് അഭിമുഖം നടത്തി കേരളത്തെ വഞ്ചിച്ച ചില മാധ്യമ പ്രവർത്തകരും സ്ഥാപനങ്ങളും ആണ് ഈ അധമ വാർത്തകളുടെ പിന്നിൽ . എകെജി സെന്ററിൽ നിന്ന് എറിഞ്ഞു കൊടുക്കുന്ന വറ്റുകൾ കീശയിലാക്കി ഇവർ വീണ്ടും കോൺഗ്രസ് പ്രവർത്തകരെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമത്തിലാണ്. പക്ഷേ സ്നേഹത്തോടെ ഇത്തരക്കാരോട് പറഞ്ഞുകൊള്ളട്ടെ, അതൊന്നും ഇനിയും ഇവിടെ ചിലവാകില്ല!

അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളുമില്ലാതെ കോൺഗ്രസ്‌ ഇല്ല. എന്നാൽ എനിക്കോ എന്നോടോ യാതൊരു തർക്കങ്ങളും ഈ പാർട്ടിയിലെ ഒരു നേതാവിനുമില്ല. വിമർശിക്കാൻ ഈ പാർട്ടിയിൽ വലുപ്പ ചെറുപ്പം നോക്കേണ്ട കാര്യവുമില്ല. അത് തന്നെയാണ് ഈ ജനാധിപത്യ പാർട്ടിയുടെ സൗന്ദര്യവും. ഇത്രത്തോളം വിഷത്തിന്റെ കൂരമ്പുകൾ എയ്തിട്ടും, ഇന്നും, നിങ്ങളുടെ ചാനലിനെ സിപിഎമ്മിനെ പോലെ ബഹിഷ്കരിക്കാൻ തയ്യാറാകാത്ത ആ വലിയ ചിന്തയുടെ പേരാണ് ‘കോൺഗ്രസ്‌ ജനാധിപത്യം’. ആ മഹത്തായ ചിന്ത എന്താണെന്ന് നിങ്ങൾക്ക് എന്നെങ്കിലും മനസ്സിലാകുമെന്ന് ഞങ്ങൾ കരുതുന്നുമില്ല.

2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി കോൺഗ്രസിനെ മാറ്റി ഐക്യ ജനാധിപത്യ മുന്നണിയെ അധികാരത്തിൽ എത്തിക്കുക എന്നത് മാത്രമാണ് എന്റെ ലക്ഷ്യം. ആ ഉത്തരവാദിത്വം തന്നെയാണ് പിസിസി പ്രസിഡന്റ്‌ ആയി ചുമതലയേറ്റ നാൾ മുതൽ എന്നിൽ അർപ്പിതമായത്.

യുഡിഎഫ് അണികൾ നൽകുന്ന സ്നേഹമാകുന്ന കവചവും ധരിച്ചാണ് എന്നും ഞാൻ നടന്നിട്ടുള്ളത്.

എന്റെ പ്രിയ പ്രവർത്തകരേ….

നിങ്ങൾക്ക് ഞാൻ വാക്ക് തരുന്നു. നമ്മൾ ഒരുമിച്ച് ആ ലക്ഷ്യം കണ്ടിരിക്കും. ആ ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ നിങ്ങളുടെ മുന്നിൽ നിൽക്കാൻ കഴിയുന്നതാണ് എന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം. അതിലധികം ഒന്നും ഞാൻ ആഗ്രഹിക്കുന്നില്ല.

പിണറായി വിജയന്റെ സ്വർണ്ണക്കടത്തിലെ വിഹിതവും വാങ്ങിച്ച് കോൺഗ്രസ്സിനെതിരെ പ്രചണ്ഡ വ്യാജ പ്രചാരണവുമായി ആര് തന്നെ ഇറങ്ങിയാലും ….

എന്നെ ഏൽപിച്ച ചുമതല അതിന്റെ മുറയ്ക്ക് തന്നെ നടക്കും. നടത്തും. ജനിച്ചത് കോൺഗ്രസ്സിലാണ്. ജീവിക്കുന്നതും കോൺഗ്രസ്സിലാണ്. ഇനി മരിക്കുമ്പോഴും ഒരു മൂവർണ്ണക്കൊടി എന്റെ കയ്യിലുണ്ടാകും.

Comments (0)
Add Comment