നരനായാട്ട് നടത്തിയവരോട് കോണ്‍ഗ്രസ് കണക്ക് ചോദിക്കും; പോലീസുകാര്‍ക്ക് അര്‍ഹിക്കുന്ന കൂലി നല്‍കുമെന്ന് കെ. സുധാകരന്‍


ഡിജിപി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് നടത്തിയത് നരനായാട്ടെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി. അക്രമവാസന കൈമുതലായുള്ള എസ്.എഫ്.ഐക്കാരെ ഭാവിയുടെ വാഗ്ദാനമായി കാണുന്ന മുഖ്യമന്ത്രി കെ.എസ്.യു വിദ്യാര്‍ത്ഥികളോട് തരംതിരിവ് കാട്ടുകയും മൃഗീയമായി തല്ലിച്ചതയ്ക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.

പോലീസ് കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരെ ലാത്തിചാര്‍ജ് നടത്തിയത് മുന്‍കൂട്ടി നിശ്ചയിച്ചതുപ്രകാരമാണെന്ന് അദ്ദേഹം പറഞ്ഞു.  കുട്ടികളാണെന്ന പരിഗണനപോലും നല്‍കാതെയാണ് അവരെ വളഞ്ഞിട്ട് തല്ലിയത്. ആണ്‍ പെണ്‍ ഭേദമില്ലാതെ കണ്ണിച്ചോരയില്ലാത്ത വിധം തല്ലിച്ചതച്ചു. പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത മാത്യുകുഴല്‍ നാടനെ ഒരു ജനപ്രതിനിധിയെന്ന പരിഗണന പോലും നല്‍കാതെ പോലീസ് മര്‍ദ്ദിച്ചത് പ്രതിഷേധാര്‍ഹമാണ്. കെ.എസ്. യു അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകര്‍ക്ക് ലാത്തിചാര്‍ജില്‍ പരിക്കേറ്റു. പരിക്കേറ്റ കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റാന്‍ പോലും പോലീസ് തയ്യാറായില്ല. പോലീസ് ജലപീരിങ്കിക്കൊപ്പം ലാത്തിചാര്‍ജും അഴിച്ചുവിടുകയായിരുന്നു.

കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് നടത്തിയത് തെമ്മാടിത്തരമാണെന്നും പ്രതിഷേധക്കാരുടെ തലക്കടിച്ച് വീഴ്ത്താന്‍ നിര്‍ദ്ദേശം നല്‍കിയത് മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കലാപ ആഹ്വാനം നടത്തിയ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കുന്നതിന് പകരം കുട്ടികളെ സംരക്ഷിക്കാന്‍ തെരുവിലിറങ്ങിയ പ്രതിപക്ഷ നേതാവിനെതിരെ കേസെടുത്തത് വിരോധാഭാസമാണ്. കേസും ലാത്തിയും എല്ലാം കോണ്‍ഗ്രസ് ഒരുപാട് കണ്ടിട്ടുള്ളതാണ്. കോണ്‍ഗ്രസ് കണക്ക് ചോദിക്കാന്‍ ഇറങ്ങുമ്പോള്‍ ഇതേ വീര്യം അപ്പോഴും പോലീസ് കാട്ടണം. പിണറായിയുടെ പാദസേവ ചെയ്യുന്ന പോലീസുകാര്‍ക്ക് അര്‍ഹിക്കുന്ന കൂലിയെന്തായാലും കോണ്‍ഗ്രസ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Comments (0)
Add Comment