ബിജെപി യുടെ ഔദാര്യം പറ്റിയത് പിണറായി വിജയന്‍ ; വർഗീയ ഫാസിസത്തോട് കോൺഗ്രസ്‌ സന്ധി ചെയ്യില്ല : മുഖ്യമന്ത്രിക്ക് മറുപടിയുമായി കെ സുധാകരന്‍

Jaihind Webdesk
Tuesday, June 15, 2021

സിപിഎമ്മിന്  മറുപടിയുമായി നിയുക്ത കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. ബിജെപി യുടെ ഔദാര്യം പറ്റിയത് പിണറായി വിജയനെന്നും കേരളത്തിൽ ബിജെപി കോൺഗ്രസിന് ഒരു എതിരാളി അല്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിന്‍റെ കള്ളപ്രചരണങ്ങള്‍ കൊണ്ടൊന്നും കോൺഗ്രസിനെ  തകർക്കാൻ കഴിയില്ലെന്നും സിപിഎം ജനാധിപത്യ അവകാശങ്ങളെ ചവിട്ടി മെതിക്കുകയാണെന്നും സുധാകരന്‍ പറഞ്ഞു.

ന്യൂനപക്ഷത്തോടുള്ള കോൺഗ്രസ്‌ സമീപനം ജനങ്ങൾക്ക് അറിയുന്നതാണ്. ഞാൻ ബിജെപിയിലേക്ക് പോകും എന്ന് പ്രചരിപ്പിക്കുന്നത് സിപിഎം ആണ്. കോൺഗ്രസിന്‍റെ സമയോചിത ഇടപെടൽ കൊണ്ടാണ് ബി ജെ പിയുടെ അക്കൗണ്ട് നേമത്ത് പൂട്ടാനായത്. സംസ്ഥാനത്തെ ജനങ്ങൾക്ക് രാഷ്ട്രീയ വകതിരിവ് ഉണ്ട്. വർഗീയ ഫാസിസ്റ്റുകളെ കേരള ജനതയ്ക്കറിയാമെന്നും സിപിഎമ്മിന് ഫാസിസ്റ്റ് നിലപാടാണെന്നും  കൂടുതൽ പറഞ്ഞാൽ പിണറായി കുടുങ്ങുമെന്നും കെ സുധാകരന്‍ കൂട്ടിച്ചേർത്തു. കെ സുധാകരന് ബിജെപിയോട് മൃദുസമീപനമാണെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.