വാര്‍ധക്യകാല പെന്‍ഷന്‍ നല്‍കി വിജയരാഘവനെ കുടിയിരുത്തണം: കെ സുധാകരന്‍ എംപി

Jaihind Webdesk
Friday, November 12, 2021

സംഘപരിവാറിന്‍റെ അക്രമശൈലിയിലേക്കു കോണ്‍ഗ്രസ് മാറിയെന്നു പ്രസ്താവിച്ച സിപിഎം ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവനെ പാര്‍ട്ടിയുടെ വാര്‍ധക്യകാല പെന്‍ഷന്‍ നല്‍കി ഉടനേ എവിടെയെങ്കിലും കുടിയിരുത്തണമെന്നു കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി.

സ്ഥലകാല ബോധം നഷ്ടപ്പെട്ട് പരിസരബോധമില്ലാതെ നിരന്തരം അസംബന്ധം പുലമ്പുന്ന വിജയരാഘവന്‍ പാര്‍ട്ടിക്കു മാത്രമല്ല കേരളീയ സമൂഹത്തിനും ബാധ്യതയാണ്. സിപിഎം-ബിജെപി അക്രമരാഷ്ട്രീയം അരങ്ങു തകര്‍ക്കുന്ന കണ്ണൂരില്‍ 1984 മുതല്‍ 2018 വരെയുള്ള കാലയളവില്‍ ഉണ്ടായ 125 രാഷ്ട്രീയ കൊലപാതകങ്ങളില്‍ സിപിഎം 78 കേസുകളിലും ബിജെപി 39 കേസുകളിലും പ്രതിസ്ഥാനത്താണ്. മൂന്നര ദശാബ്ദത്തിനിടയില്‍ ഒരേയൊരു കേസില്‍ മാത്രം പ്രതിസ്ഥാനത്തുള്ള കോണ്‍ഗ്രസ്സ് അക്രമശൈലി സ്വീകരിക്കുന്നു എന്നു പറയാന്‍ വിജയരാഘവന് എങ്ങനെ നാവുപൊന്തിയെന്നു സുധാകരന്‍ ചോദിച്ചു.

ഇന്ധനവിലയിലും, മുല്ലപ്പെരിയാര്‍ മരം മുറിയിലും മുഖം വികൃതമായ ഇടതുസര്‍ക്കാരിനെയും സിപി.എമ്മിനേയും പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ്സിനുമേല്‍ കുതിരകയറുന്നിനു പകരം സര്‍ക്കാരിനെ തിരുത്താന്‍ ആക്ടിംഗ് സെക്രട്ടറിക്കു നട്ടെല്ലുണ്ടോയെന്നും സുധാകരന്‍ ചോദിച്ചു.

മുല്ലപ്പെരിയാര്‍ മരംമുറിയില്‍ വാതുറക്കാത്ത മുഖ്യമന്ത്രി ഉദ്യോഗസ്ഥരുടെ മേല്‍ പഴിചാരി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്. നിയമസഭയില്‍ തടര്‍ച്ചയായ ദിവസങ്ങളില്‍ യുഡിഎഫ് എംഎല്‍എമാര്‍ വന്‍പ്രതിഷേധം ഉയര്‍ത്തിയെങ്കിലും കല്ലിനു കാറ്റുപിടിച്ചതുപോലെ മുഖ്യമന്ത്രി സഭയില്‍ തലകുനിച്ചിരിക്കുകയായിരുന്നു. തന്‍റെ മന്ത്രിസഭയിലെ രണ്ട് അംഗങ്ങള്‍ പരസ്യമായി പോര്‍വിളി മുഴക്കിയിട്ടും മുഖ്യമന്ത്രി ഇടപെട്ടില്ല. മുഖ്യമന്ത്രിയുടെ വ്യക്തമായ പങ്കാണ് ഇതില്‍ നിന്നു പുറത്തുവരുന്നതെന്നു സുധാകരന്‍ പറഞ്ഞു.